തിരുവനന്തപുരം: കീമിൽ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ വിദ്യാർഥികൾ. പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും കോടതിയിൽ പോകുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
നിലവിലെ കീമിൻ്റെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണ്. നിയമം മറ്റുള്ളവർക്ക് ദോഷമാണെന്ന് കാണുമ്പോൾ ആ നിയമം മാറ്റണമെന്നും വിദ്യാർഥികൾ പറഞ്ഞു.
കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ വിധി അംഗീകരിക്കുന്നെന്നും ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നല്‍കില്ലെന്നും പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.