ന്യൂഡല്‍ഹി: രാജസ്ഥാന്‍ സ്വദേശിയായ യുവാവ് ഭീകരവാദ പ്രവര്‍ത്തനങ്ങളിലെത്തിയത് ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയെന്ന് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2023 ല്‍ രാജസ്ഥാനിലെ ഭില്‍വാരയില്‍ നിന്നും അറസ്റ്റ് ചെയ്ത മുഹമ്മദ് സുഹൈല്‍ ഭിഷ്തിയാണ് പ്രതി.
ഇരുപത്തിമൂന്നുകാരനായ സുഹൈല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായിരുന്നതായും ഇത്തരത്തിലാണ് ഭീകരവാദ ബന്ധമുള്ള ഗ്രൂപ്പുകളില്‍ എത്തിപ്പെട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഫ്രീ ഫയര്‍ കളിക്കാന്‍ തുടങ്ങിയതോടെ യുവാവ് മറ്റു കളിക്കാരുമായി ബന്ധപ്പെട്ടു തുടങ്ങി. ഇത് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റ് ഗ്രൂപ്പുകളിലേക്ക് സുഹൈലിനെ എത്തിച്ചു.
അവയില്‍ പലതിനും പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ നെറ്റ്വര്‍ക്കുകളുമായി ബന്ധമുണ്ടായിരുന്നു. അത്തരം അറുപതിലധികം ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ യുവാവ് അംഗമാവുകയും പലതിലും അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) സമര്‍പ്പിച്ച കുറ്റപത്രം സുഹൈലിനെക്കുറിച്ച് മാത്രമല്ല, ഭീകരവാദ പ്രത്യയ ശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യക്കാരെ ലക്ഷ്യമിടുന്ന വിദേശ ബന്ധമുള്ള ഓണ്‍ലൈന്‍ നെറ്റ്വര്‍ക്കുകളെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പുകളില്‍ അംഗമായതോടെ മറ്റ് അംഗങ്ങളുടെ പ്രേരണയാല്‍ ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ സുഹൈലും പ്രവര്‍ത്തിച്ചു. പാകിസ്ഥാന്‍ ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ട യുവാവ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സെല്ലുകളുമായി ബന്ധമുള്ളവരുമായും ബന്ധം സ്ഥാപിച്ചു. 'മുജാഹിദ് മിയാന്‍' എന്ന അപരനാമം ഉപയോഗിച്ച് ഒരു യൂട്യൂബ് ചാനലും ഇയാള്‍ നിയന്ത്രിച്ചിരുന്നു.
ബാബറി മസ്ജിദ്, ജമാ മസ്ജിദ്, 2022 ലെ അമരാവതി കലാപം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകോപനപരമായ ഉള്ളടക്കം ഇതിലൂടെ പ്രചരിപ്പിച്ചു. ഫോറന്‍സിക് ടീമുകള്‍ വീണ്ടെടുത്ത നിരവധി വീഡിയോകളില്‍ വര്‍ഗീയ സ്വഭാവമുള്ള ഉള്ളടക്കം അടങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യൂട്യൂബിന് പുറമെ, ഇന്‍സ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ മറ്റ് പ്ലാറ്റ് ഫോമുകളിലും സുഹൈല്‍ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28 ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടും ഇത് സ്ഥിരീകരിക്കുന്നു.
തന്റെ ഐഡന്റിറ്റി മറച്ചുവെക്കാന്‍ സുഹൈല്‍ ഒന്നിലധികം മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നു. ഐപി വിലാസം സുരക്ഷിതമാക്കുന്നതിന് ഒരു ഫോണില്‍ നിന്ന് ഹോട്ട്സ്പോട്ട് ഓണാക്കി മറ്റൊരെണ്ണം ഉപയോഗിച്ച് വീഡിയോകള്‍ അപ്ലോഡ് ചെയ്യുമായിരുന്നു. ഒരു അക്കൗണ്ടില്‍ നിന്ന് അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ മറ്റ് അക്കൗണ്ടുകള്‍ ഉപയോഗിച്ച് ലൈക്ക് ചെയ്യുകയും ബൂസ്റ്റ് ചെയ്യുകയും ചെയ്തു.
2023 സെപ്റ്റംബര്‍ 15 നാണ് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിന് ശേഷം ഭില്‍വാരയിലെ വസതിയില്‍ നിന്ന് എടിഎസ് ഉദ്യോഗസ്ഥര്‍ സുഹൈലിനെ അറസ്റ്റ് ചെയ്തത്. 2024 ഫെബ്രുവരി 28 ന് സുഹൈലിന്റെ ഫോണിലെ ഉള്ളടക്കങ്ങളും ഡിജിറ്റല്‍ ഫുട്പ്രിന്റും വിശദമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സമര്‍പ്പിച്ചു.
2024 മാര്‍ച്ച് 11 ന് യുഎപിഎ, ഐപിസി വകുപ്പുകള്‍ പ്രകാരം സുഹൈലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക അനുമതി നല്‍കി. 2025 ജൂണ്‍ രണ്ടിന് വിശദമായ കുറ്റപത്രം എടിഎസ് ജയ്പൂര്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ജൂലൈ 16 ന് കോടതി വാദം കേള്‍ക്കാന്‍ തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.