ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ലെന്നും അദേഹം വ്യക്തമാക്കി. ഏപ്രില്‍ 22 നാണ് നിരപരാധികളായ 26 പേരുടെ ദാരുണാന്ത്യത്തിലേക്ക് നയിച്ച ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 26 വിനോദസഞ്ചാരികള്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് ശക്തമായ മറുപടി ലഭിച്ചു. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കില്ലെന്ന് തനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു നല്ല വാര്‍ത്ത വരും. എന്നാല്‍ ഒരു പ്രത്യേക തിയതി വെളിപ്പെടുത്താനാവില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വിവിധ ഭീകര സംഘടനകളുടെ തലപ്പത്തുള്ളവര്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കും ഇതേ ഗതി തന്നെയായിരിക്കുമെന്നും അദേഹം പറഞ്ഞു.
രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തതായും സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിന് ഒരു തെളിവും നല്‍കേണ്ട ആവശ്യമില്ല. പാകിസ്ഥാന്‍ പല അവകാശവാദങ്ങളും ഉന്നയിച്ചെങ്കിലും ലോകത്തിന് മുന്നില്‍ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും സൈന്യം പ്രകടിപ്പിച്ച കരുത്ത് പ്രശംസനീയമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ പഹല്‍ഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ചയായിരുന്നെന്ന് സിന്‍ഹ തുറന്ന് സമ്മതിച്ചിരുന്നു. പാകിസ്ഥാന്‍ സ്പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു ഇത്. കാശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വര്‍ഗീയ വിഭജനം ആളിക്കത്തിക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു ആക്രമണമെന്നും അദേഹം പറഞ്ഞു.
സുരക്ഷാ വീഴ്ചയാണ് അവിടെ സംഭവിച്ചതെന്നതില്‍ സംശയമില്ല. ഭീകരര്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതായിരുന്നു കാശ്മീരില്‍ പൊതുവായുള്ള വിശ്വാസം. തുറന്ന പുല്‍മേട്ടിലാണ് ആക്രമണമുണ്ടായത്. അവിടെ സുരക്ഷാ സേനയ്ക്ക് കഴിയാന്‍ സ്ഥലമോ സൗകര്യങ്ങളോ ഇല്ല. കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്നും അദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.