'വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് ആലപ്പുഴ സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി; അധിക്ഷേപം സഹിക്കാനാകാതെ അദേഹം വേദി വിട്ടിറങ്ങി'

'വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് ആലപ്പുഴ സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി; അധിക്ഷേപം സഹിക്കാനാകാതെ അദേഹം വേദി വിട്ടിറങ്ങി'

'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്' എന്ന തലക്കെട്ടോടെയാണ് സുരേഷ് കുറുപ്പിന്റെ ലേഖനം.

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെക്കുറിച്ച് മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ സുരേഷ് കുറുപ്പ് ഒരു മലയാള മാധ്യമത്തിന് നല്‍കിയ തന്റെ ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു.

ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് കാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞതായുള്ള സുരേഷ് കുറിപ്പിന്റെ വെളിപ്പെടുത്തലാണ് വിവാദ ചര്‍ച്ചാ വിഷയം.

'അദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വി.എസ് വേദി വിട്ട് പുറത്തേക്കിറങ്ങി, ഏകനായി, ദുഖിതനായി.

പക്ഷെ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല'- സുരേഷ് കുറുപ്പ് പറയുന്നു.

'ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്' എന്ന തലക്കെട്ടോടെയാണ് സുരേഷ് കുറുപ്പിന്റെ ലേഖനം. ഇങ്ങനെയൊരാള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ലെന്നും 80 വര്‍ഷത്തോളം നിരന്തരമായ, പോരാട്ടത്തില്‍ അടിസ്ഥാനമിട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മറ്റാരും കേരളം രാഷ്ട്രീയത്തിലും ഇല്ലെന്നും സുരേഷ് കുറുപ്പ് ലേഖനത്തില്‍ പറയുന്നു.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഏറ്റവും തലമുതിര്‍ന്ന ആദര്‍ശ ധീരനാണ് വി.എസിന്റെ നിര്യാണത്തോടെ പിന്‍വാങ്ങിയിരിക്കുന്നത്. കേരളവും മലയാളിയും മലയാളവും ഉള്ളിടത്തോളം കാലം ഇവിടത്തെ സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിതവും നിരന്തര പോരാട്ടവും ഉള്ളിടത്തോളം കാലം വി.എസ് മരിക്കുന്നില്ല.

മലപ്പുറം സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മത്സരിച്ച് വി.എസിന്റെ പാനല്‍ പരാജയം ഏറ്റുവാങ്ങിയതിന് ശേഷം വിഎസിന്റെ പാര്‍ട്ടിയിലെ ഒറ്റപ്പെടല്‍ ദുസഹമായിരുന്നുവെന്നും സുരേഷ് കുറുപ്പ് കുറിച്ചു. പക്ഷെ വി.എസിന് അതില്‍ ഒരു കുലുക്കവുമില്ല. ആര് കൂടെയുണ്ട് ഇല്ല എന്നതൊന്നും അദേഹത്തിന് പ്രശ്‌നമല്ല.

തന്റെ നിലപാടുകളില്‍ നിന്ന് അണുവിട പിന്നോട്ടില്ല. തലയുയര്‍ത്തി മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച് പുന്നപ്ര-വയലാര്‍ സമര കാലത്തെന്നപോലെ അദേഹം മുന്നോട്ട് പോയി. തന്റെ നിലപാടില്‍ നിന്നും ഒരിഞ്ച് പുറകോട്ട് പോയില്ലെന്നും സുരേഷ് കുറുപ്പ് ലേഖനത്തില്‍ എടുത്ത് പറയുന്നു.

അതേസമയം, ആലപ്പുഴ സമ്മേളനത്തില്‍ വി.എസിനെതിരെ പരാമര്‍ശമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. ആലപ്പുഴ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെവച്ചാണ് ഞാന്‍ സംസ്ഥാന കമ്മിറ്റിയില്‍ എത്തുന്നത്. ആരും അവിടെ ചര്‍ച്ചയില്‍ പങ്കെടുത്ത് അങ്ങനെ പറഞ്ഞിട്ടില്ല.

വി.എസ് വിട്ടുപിരിയുന്നത് വരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ കൊടുക്കാന്‍ കഴിയുന്ന എല്ലാ ബഹുമാനവും പാര്‍ട്ടിയിലെ എല്ലാവരും നല്‍കിയിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ല. അദേഹം നമ്മളെ വേര്‍പെട്ടു പോയി. അതിനുശേഷം അദേഹത്തിന്റെ പേരുവച്ച് ചര്‍ച്ച നടത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.