കൊച്ചി: കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ്. ക്രൈസ്തവ സന്യാസിനികളുടെ മോചനത്തിന്റെ ക്രെഡിറ്റ് വേണമെങ്കില്‍ ബിജെപി എടുത്തോട്ടെ. എന്നാല്‍ അവരെ ജയിലിലടച്ചതിന്റെ ക്രെഡിറ്റ് കൂടി ബിജെപി ഏറ്റെടുക്കുമോ എന്ന് ജോണ്‍ ബ്രിട്ടാസ് ചോദിച്ചു. ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.
എട്ട് ദിവസമാണ് കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞതെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ വന്നതിന്റെയും പെണ്‍കുട്ടികളുടെ സഹോദരനെ മര്‍ദ്ദിച്ചതിന്റെയും കഴിഞ്ഞ കുറേ വര്‍ഷമായി ക്രൈസ്തവ സഭകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നതിന്റെയും ക്രെഡിറ്റ് ബിജെപി ഏറ്റെടുക്കുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. എത്രയോ വര്‍ഷമായി ഛത്തീസ്ഗഡില്‍ ക്രൈസ്തവര്‍ക്ക് നേരെ അക്രമമുണ്ടാകുന്നു.
ക്രൈസ്തവരുടെ വോട്ട് നേടി ജയിക്കാം എന്നതായിരുന്നു ബിജെപിയുടെ പ്ലാന്‍. പക്ഷെ ഛത്തീസ്ഗഡ് വിഷയം ഉണ്ടായപ്പോള്‍ തങ്ങളുടെ പ്ലാന്‍ പൊളിഞ്ഞല്ലോ എന്ന തോന്നല്‍ ബിജെപിക്ക് ഉണ്ടായെന്നും ബ്രിട്ടാസ് പറഞ്ഞു. പെട്ടുപോയതുകൊണ്ട് തലയൂരാനാണ് ബിജെപി രംഗത്തുവന്നതെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായതോടെ ക്രെഡിറ്റിനായുള്ള തര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ഇടപെടലാണ് കന്യാസ്ത്രീകളുടെ മോചനത്തിന് വഴിതെളിച്ചത് എന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞിരുന്നു. സഭകള്‍ സഹായം ചോദിച്ചത് കൊണ്ടാണ് ബിജെപി ഇടപെട്ടത് എന്ന് രാജീവ് ചന്ദ്രശേഖറും പറഞ്ഞിരുന്നു, ഇതിനിടെ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതും അറസ്റ്റ് ചെയ്തതും ബിജെപി സര്‍ക്കാര്‍ അല്ലേ എന്നും എങ്ങനെ ബിജെപിക്ക് ജാമ്യത്തില്‍ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പറ്റും എന്ന ചോദ്യത്തിന് രാജീവ് മറുപടി നല്‍കാതെ ക്ഷുഭിതനായി മടങ്ങിയിരുന്നു.
ഇന്ന് രാവിലെയാണ് ക്രൈസ്തവ സന്യാസിനികള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് പ്രധാന വ്യവസ്ഥ. പാസ്‌പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്‍കണമെന്നും ജാമ്യകാലയളവിലെ വാസസ്ഥലം എന്‍ഐഎയെ അറിയിക്കണമെന്നും വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം, അന്വേഷണ ഏജന്‍സി ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, കേസിനെപ്പറ്റി പൊതുമധ്യത്തില്‍ പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും എന്‍ഐഎ കോടതി മുന്നോട്ടുവെച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യം ലഭിച്ചതിന് പിന്നാലെ 3.40 ഓടെ കന്യാസ്ത്രീകള്‍ പുറത്തിറങ്ങി.
ജൂലൈ 25 നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.