തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
കേസെടുക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാഹുലിനെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നെങ്കിലും സ്ത്രീകള്‍ നേരിട്ട് പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു.
പുറത്ത് വന്ന സംഭാഷണങ്ങളില്‍ രാഹുല്‍ വധ ഭീഷണി അടക്കം മുഴക്കിയത് ഗൗരവമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയ്ക്ക് നടത്തിയ പത്രസമ്മേളനത്തല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് മേധാവി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ആരോപിച്ച് ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യന്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പരാതിയില്‍ പറയുന്ന യുവതി ആര്, എപ്പോള്‍, എവിടെ വെച്ച് നടന്നു തുടങ്ങിയ കാര്യങ്ങള്‍ പറയുന്നില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച സ്ത്രീകള്‍ ആരും നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് തുടക്കത്തില്‍ പൊലീസ് സ്വീകരിച്ചിരുന്നത്.
പിന്നീട് ലഭിച്ച നിയമോപദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൂടി ആലോചിച്ചതിനു ശേഷമാണ് നിയമ നടപടിയിലേക്ക് കടക്കാമെന്ന തീരുമാനമെടുത്തത് എന്നാണ് അറിയുന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.