ട്രംപന്റെ തീരുവ നയം: തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിയില്‍ 3000 കോടിയുടെ കുറവ് ഉണ്ടാകും

 ട്രംപന്റെ തീരുവ നയം: തിരുപ്പൂരിലെ വസ്ത്ര കയറ്റുമതിയില്‍ 3000 കോടിയുടെ കുറവ് ഉണ്ടാകും

കോയമ്പത്തൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് തീരുവ 50 ശതമാനമായി ഉയര്‍ത്തിയ അമേരിക്കയുടെ നടപടി തിരുപ്പൂരിലെ വസ്ത്രനിര്‍മാണ ക്ലസ്റ്ററിനെ സാരമായി ബാധിക്കും. അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ഏതാണ്ട് 3000 കോടി രൂപയുടെ കുറവുവരുമെന്നാണ് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍.

2024-25 സാമ്പത്തിക വര്‍ഷം തിരുപ്പൂരില്‍ നിന്നുള്ള ആകെ വസ്ത്രകയറ്റുമതി 44,747 കോടി രൂപയായിരുന്നു. 2023-24 ല്‍ ഇത് 33,400 കോടിയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 33,000 മുതല്‍ 37,000 കോടിവരെയായിരുന്നു ശരാശരി കയറ്റുമതി. ഇതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 44,747 കോടിയില്‍ എത്തിയത്. വരും വര്‍ഷങ്ങളില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരിക്കുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ തീരുവ വര്‍ധന. ഇത് വലിയ തിരിച്ചടിയാണെന്ന് തിരുപ്പൂര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം സുബ്രഹ്മണ്യന്‍ പറഞ്ഞു.

തിരുപ്പൂരില്‍നിന്നുള്ള വസ്ത്ര കയറ്റുമതിയില്‍ 35 ശതമാനം അമേരിക്കയിലേക്കാണ് അയയ്ക്കുന്നത്. പിഴച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത് മുതല്‍ തന്നെ അമേരിക്കന്‍ വ്യാപാരികള്‍ തിരുപ്പൂരില്‍ നിന്നുള്ള ഓര്‍ഡറുകള്‍ മരവിപ്പിച്ചിരുന്നു. ഓര്‍ഡര്‍ പ്രകാരം വസ്ത്രങ്ങള്‍ തയ്യാറാക്കി കയറ്റുമതി ഘട്ടത്തിലെത്തിയതിനാല്‍ ഇത് വലിയ നഷ്ടം വരുത്തും. വരും ദിവസങ്ങളില്‍ അമേരിക്കന്‍ കമ്പനികള്‍ തീരുവ കുറവുള്ള ബംഗ്ലാദേശ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കാനാണ് സാധ്യത.

അടുത്തിടെ ഒപ്പുവെച്ച ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാര്‍ നടപ്പില്‍ വരുന്നതോടെ ഈ പ്രതിസന്ധി ഒരളവ് വരെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. യു.കെയിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ സാധിച്ചാല്‍ അമേരിക്ക സൃഷ്ടിക്കുന്ന ആഘാതം പ്രതിരോധിക്കാന്‍ സാധിക്കും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.