നരേന്ദ്ര മോഡി ജപ്പാനില്‍: പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച

നരേന്ദ്ര മോഡി ജപ്പാനില്‍: പ്രധാനമന്ത്രി ഇഷിബയുമായി കൂടിക്കാഴ്ച

ടോക്യോ: അമേരിക്കയുടെ അധിക തീരുവ ഭീഷണിക്കിടെ  പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെത്തി. 15-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മോഡി ടോക്യോയിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം.

പ്രധാനമന്ത്രി ഇഷിബയുമായി മോഡി നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നത് വിഷയമാകും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്നതും ചര്‍ച്ചയാവും. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഡി ജപ്പാനില്‍ എത്തുന്നത്. പ്രധാനമന്ത്രി ഇഷിബയുമായുള്ള മോഡിയുടെ ആദ്യ ഉച്ചകോടിയാണിത്. 2018 ലെ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിയിലാണ് മുമ്പ് പങ്കെടുത്തത്.

അതേസമയം പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം നരേന്ദ്ര മോഡിയുടെ എട്ടാമത് ഔദ്യോഗിക ജപ്പാന്‍ സന്ദര്‍ശനം കൂടിയാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ അധിക തീരുവ ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യ-ജപ്പാന്‍ ഉച്ചകോടിക്ക് പ്രാധാന്യം വര്‍ധിക്കുന്നു. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോഡി വ്യക്തമാക്കി.

ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി നടക്കുന്നത്. അമേരിക്കന്‍ തീരുവ ഭീഷണി വലിയ നിലയില്‍ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.