'ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാനാകില്ല': ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

'ആധാര്‍ പൗരത്വ രേഖയായി കണക്കാക്കാനാകില്ല':  ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതിന് മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷം തയ്യാറാക്കിയ പട്ടികയില്‍ പേരുള്‍പ്പെടുത്താനായി പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കാണ്ടാണ് സുപ്രീം കോടതിയുടെ വിധി.

നിയമം അനുശാസിക്കുന്നതിനും അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാര്‍ കാര്‍ഡിനെ ഉയര്‍ത്താനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി മറ്റ് രേഖകള്‍ക്കൊപ്പം ആധാറിനെ കണക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

കരട് വോട്ടര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായ 65 പേരുടെ ആധാര്‍ കാര്‍ഡ് കോടതി നിര്‍ദേശത്തിന്
ശേഷവും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനാവശ്യമായ മതിയായ രേഖയായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കുന്നില്ലെന്ന് ആര്‍ജെഡി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ ധരിപ്പിച്ചു. ആധാര്‍ ആക്ടില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനുപരിയായി ആധാറിന്റെ പദവി ഉയര്‍ത്താന്‍ കോടതി്ക്ക് സാധിക്കില്ലെന്ന് ബെഞ്ച് മറുപടി നല്‍കി.

പൗരത്വത്തിനുള്ള അവകാശമോ അഥവാ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയോ ആയി ആധാറിനെ കണക്കാക്കാനാകില്ലെന്ന് ആധാര്‍ ആക്ടിന്റെ ഒന്‍പതാം വകുപ്പ് അനുശാസിക്കുന്നു. 2018 സെപ്റ്റംബറില്‍ പുട്ടസ്വാമി കേസിലും സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു.

ബയോമെട്രിക് തെളിവുള്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖയില്‍ നിന്ന് വോട്ടവകാശത്തിനുള്ള പൗരത്വ രേഖയായി ആധാറിന്റ പദവി ഉയര്‍ത്തണമെന്ന് മറ്റ് ഹര്‍ജിക്കാരുടെ അഭിഭാഷകരും സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. എന്തിനാണ് ആധാറിന് ഇത്രയധികം പ്രാധാന്യം നല്‍കുന്നതെന്ന് ആരാഞ്ഞ കോടതി പൗരത്വത്തിനുള്ള അന്തിമ തെളിവായി ആധാറിനെ പരിഗണിക്കാമെന്നുള്ള ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും വ്യക്തമാക്കി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.