തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ കേന്ദ്രം; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ കേന്ദ്രം; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 180 ഏക്കര്‍ ഭൂമി ഡിആര്‍ഡിഒയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന് അനുമതി നല്‍കി.

നാഷണല്‍ ഫൊറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിക്കാനായി നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ 32 ഏക്കര്‍ ഭൂമി നല്‍കാനും സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ഹെഡ് ക്വാട്ടേഴ്‌സ് സ്ഥാപിക്കാന്‍ 32 ഏക്കര്‍ ഭൂമി കൈമാറാനും സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് നിലവില്‍ 457 ഏക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 257 ഏക്കര്‍ ഭൂമിയാണ് മൂന്ന് വികസന പദ്ധതികള്‍ക്കായി കൈമാറാന്‍ പോകുന്നത്. തുറന്ന ജയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറണമെങ്കില്‍ സുപ്രീം കോടതിയുടെ അനുമതി ആവശ്യമാണ്.

അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് കോടതിയില്‍ ഹാജരായത്. സുപ്രീം കോടതി ഉത്തരവോടെ മൂന്ന് പദ്ധതികള്‍ക്കും ഉടന്‍ ഭൂമി കൈമാറും.

ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിന്റെ വികസനത്തിന്റെ ഭാഗമായി ഭൂമി അനുവദിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഡിആര്‍ഡിഒ ആവശ്യപ്പെട്ടിരുന്നു. അത്യാധുനിക മിസൈല്‍ നിര്‍മാണത്തിനും തന്ത്രപ്രധാനമായ ഹാര്‍ഡ് വെയര്‍ നിര്‍മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആര്‍ഡിഒ ഭൂമി ഭൂമി ആവശ്യപ്പെട്ടത്. ബ്രഹ്‌മോസ് എയ്റോ സ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.