'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, മുതലെടുപ്പിനുള്ള ശ്രമം; യുഡിഎഫ് പങ്കെടുക്കില്ല': വി.ഡി സതീശന്‍

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, മുതലെടുപ്പിനുള്ള ശ്രമം; യുഡിഎഫ് പങ്കെടുക്കില്ല': വി.ഡി സതീശന്‍

തിരുവനന്തപുരം: അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാഷ്ട്രീയമായ മുതലെടുപ്പാണ് ലക്ഷ്യമിടുന്നത്. കപടമായ അയ്യപ്പ സ്നേഹമാണത്.

ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയിലെത്തിച്ച മുന്നണിയും രാഷ്ട്രീയ പ്രസ്ഥാനവുമാണ് എല്‍ഡിഎഫും സിപിഎമ്മും. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സര്‍ക്കാര്‍ നടത്തുന്ന ഈ പരിപാടിയില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. .

ശബരിമലയുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയിട്ടാണ് ആചാര ലംഘനം നടത്താന്‍ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കൂട്ടു നിന്നത്. ആ സത്യവാങ്മൂലം ഇപ്പോഴും സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയാണ്. ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

രണ്ടാമതായി ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നാമജപ ഘോഷയാത്ര ഉള്‍പ്പെടെയുള്ള സമാധാനപരമായ സമരങ്ങള്‍ക്കെതിരായ കേസുകള്‍ ഇതുവരെ പിന്‍വലിക്കപ്പെട്ടിട്ടില്ല. ആ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ആ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് ശബരിമല തീര്‍ത്ഥാടനം പ്രതിസന്ധിയിലായതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പണ്ട് ഉണ്ടാക്കിയ ഒരു കവനന്റിന്റെ അടിസ്ഥാനത്തില്‍ 48 ലക്ഷം രൂപയാണ് എല്ലാ വര്‍ഷവും ദേവസ്വം ബോര്‍ഡിന് കൊടുക്കേണ്ടത്. എ.കെ ആന്റണി സര്‍ക്കാര്‍ ആ തുക 82 ലക്ഷമായി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സര്‍ക്കാര്‍ ശബരിമലയ്ക്കായി ഈ പണം നല്‍കിയിട്ടില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കുമോ പങ്കെടുക്കുമോയെന്ന കാര്യത്തിന് പ്രസ്‌ക്തിയില്ലെന്നും ആദ്യം സര്‍ക്കാര്‍ തങ്ങളുന്നയിക്കുന്ന ചോദ്യങ്ങളില്‍ നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം യുഡിഎഫിനെ ക്ഷണിച്ചാള്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.