പാക് ഭീകര സംഘടനകള്‍ക്ക് മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭിച്ചു; ടിആര്‍എഫിനെതിരെ എന്‍ഐഎ കണ്ടെത്തല്‍

പാക് ഭീകര സംഘടനകള്‍ക്ക് മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭിച്ചു; ടിആര്‍എഫിനെതിരെ എന്‍ഐഎ കണ്ടെത്തല്‍

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ടിആര്‍എഫിന് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ കണ്ടെത്തല്‍. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നും ഫണ്ട് ലഭിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജമ്മു കാശ്മീരിലെ ജനവാസ മേഖലകളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലഷ്‌കര്‍ ഭീകരരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടിആര്‍എഫ് ശ്രമിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ശ്രീനഗറിലെ ഹന്ദ്വാരയിലും മറ്റ് രണ്ട് സ്ഥലങ്ങളിലും എന്‍ഐഎ നടത്തിയ റെയ്ഡുകളില്‍ ഭീകരവാദത്തിന് ധനസഹായം നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. പണം ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ നിര്‍ണായക തെളിവുകളും കണ്ടെത്തിയിരുന്നു. കശ്മീര്‍ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. ഇത് പഹല്‍ഗാം ആക്രമണത്തിന് ശേഷം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എന്‍ഐഎ കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധപ്പെട്ട 463 കോള്‍ റെക്കോര്‍ഡുകളും കണ്ടെത്തി. മലേഷ്യയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ കാശ്മീരിലെ ടിആര്‍എഫിന് എത്തിച്ചതായി എന്‍ഐഎ സംഘം കണ്ടെത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് സംഘം പണമിടപാടുകള്‍ നടത്തിയിരുന്നത്.

2008 ലെ മുംബൈ ആക്രമണം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്ത ലഷ്‌കര്‍ കമാന്‍ഡര്‍ സാജിദ് മിറുമായി ടിആര്‍എഫ് ഫണ്ടിങ് നടത്തിയതായാണ് വിവരം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.