ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ സ്ഫോടനങ്ങള്‍: ലക്ഷ്യം ഹമാസ് നേതാക്കളെന്ന് ഐ.ഡി.എഫ്

ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ദോഹയില്‍ സ്ഫോടനങ്ങള്‍: ലക്ഷ്യം ഹമാസ് നേതാക്കളെന്ന് ഐ.ഡി.എഫ്

ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഉണ്ടായ സ്ഫോടനം ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിനും ഹമാസിനും ഇടയിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന പ്രധാന രാജ്യമാണ് ഖത്തര്‍. ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഹമാസ് നേതാക്കള്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ ഉപയോഗിച്ചു വരുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.

ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും എവിടെയാണ് നടത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ഗാസയ്ക്ക് പുറത്താണ് ആക്രമണം നടത്തിയതെന്ന് സൂചന മാത്രമാണ് നല്‍കിയിട്ടുള്ളത്.


'ഇസ്രയേല്‍ പ്രതിരോധ സേനയായ ഐ.ഡി.എഫും ഐ.എസ്.എയും ഹമാസ് ഭീകര സംഘടനയുടെ ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തി. വര്‍ഷങ്ങളായി ഹമാസ് നേതൃത്വത്തിലെ ഈ അംഗങ്ങള്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നയിച്ചു വരികയും ക്രൂരമായ ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളാവുകയും ഇസ്രയേല്‍ രാഷ്ട്രത്തിനെതിരായ യുദ്ധം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

ആക്രമണത്തിന് മുമ്പ് കൃത്യതയുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതും ഉള്‍പ്പെടെ സാധാരണക്കാര്‍ക്ക് സംഭവിക്കാവുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

ഒക്ടോബര്‍ ഏഴിലെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹമാസിനെ പരാജയപ്പെടുത്തുന്നതിനായി ഐ.ഡി.എഫും ഐ.എസ്.എയും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തനം തുടരും'- ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.