തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.
തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും ആക്രമിക്കുന്നുവെന്നും ഇതില്‍ കെപിസിസി സൈബര്‍ സെല്ലിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വി.ഡി സതീശന്‍ പരാതിയിയുണ്ടെന്നാണ് സൂചന.
4000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മൂന്ന് അനുയായികളാണ്. അവരെ സൈബര്‍ സെല്ലില്‍ നിന്നും പുറത്താക്കണം.
പരാതിയില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിട്ടുള്ളത്.
തനിക്കെതിരായ ആക്രമണങ്ങളില്‍ കെപിസിസി നേതൃത്വമോ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ദീപാ ദാസ് മുന്‍ഷിയോ കെ.സി വേണുഗോപാലോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. നേതാക്കളുടെ മൗനവും സതീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാഹുലിനെതിരായ ലൈംഗികാരോപണങ്ങളില്‍ വി.ഡി സതീശന്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് അധിക്ഷേപങ്ങളും പരിഹാസങ്ങളും വ്യാപകമായത്.
നേതാക്കള്‍ക്ക് എതിരായ സൈബര്‍ ആക്രമണമത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇന്ന് ചേര്‍ന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ പരിശോധിക്കും.
സൈബര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അതവസാനിപ്പിക്കണമെന്ന് കെ. മുരളീധരന്‍ യോഗത്തില്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെക്കുറിച്ച് വി.ഡി സതീശന്‍ യോഗത്തില്‍ ഒന്നും പറഞ്ഞില്ലെന്നാണ് വിവരം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.