വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനും അനുയായിയുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഡയറക്ടറും ഇന്ത്യന്‍ വംശജനുമായ കശ്യപ് പട്ടേലിന് കസേര നഷ്ടമായേക്കും.
അദേഹത്തെ പുറത്താക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി ഡൊണാള്‍ഡ് ട്രംപുമായും പട്ടേലുമായും അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിക്കായുള്ള തിരച്ചിലിനിടെ പട്ടേലിന്റെ ഭാഗത്ത് നിന്ന് പാളിച്ച ഉണ്ടായതായാണ് വൈറ്റ് ഹൗസ് കരുതുന്നത്. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രതി പിടിയലായെന്ന് എഫ്ബിഐ ഡയറക്ടര്‍ കശ്യപ് പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതി അപ്പോള്‍ കസ്റ്റഡിയില്‍ ആയിരുന്നില്ല.
കിര്‍ക്കിന്റെ കൊലപാതകം നടന്ന രാത്രിയില്‍ എഫ്ബിഐ മേധാവി എവിയെയായിരുന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നുണ്ട്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ റാവോസ് റെസ്റ്ററന്റില്‍ പട്ടേല്‍ അത്താഴം കഴിച്ചുവെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ വെച്ചാണ് പ്രതി പിടിയിലായെന്ന് പട്ടേല്‍ തെറ്റായി പ്രഖ്യാപിച്ചത്.
കൊലപാതകത്തിന് തൊട്ടു പിന്നാലെ കസ്റ്റഡിയിലെടുത്തിരുന്ന രണ്ട് പേരെയും പെട്ടെന്ന് വിട്ടയച്ചു. യഥാര്‍ത്ഥ പ്രതി ഒളിവിലാണെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. തിരച്ചില്‍ തുടര്‍ന്നപ്പോള്‍ സംശയിക്കുന്നയാളുടെ ഫോട്ടോ പെട്ടെന്ന് കാണിച്ചില്ലെന്നതുള്‍പ്പെടെ, തന്നെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പട്ടേല്‍ എഫ്ബിഐ ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കിര്‍ക്കിന് വെടിയേറ്റ അതേ ദിവസം, ശുദ്ധീകരണത്തിന്റെ ഭാഗമായി തങ്ങളെ നിയമവിരുദ്ധമായി പിരിച്ചു വിട്ടുവെന്ന് ആരോപിച്ച് മൂന്ന് മുന്‍ ഉന്നത എഫ്ബിഐ ഉദ്യോഗസ്ഥര്‍ പട്ടേല്‍, ബോണ്ടി, അവരുടെ ഏജന്‍സികള്‍ എന്നിവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. പ്രസിഡന്റിന് മാത്രമുള്ള അധികാരം പട്ടേല്‍ പ്രയോഗിച്ചുവെന്നതാണ് ഇവര്‍ ആരോപിക്കുന്നത്.
അഭ്യൂഹങ്ങള്‍ ശക്തമാണെങ്കിലും കശ്യപ് പട്ടേലിനെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്.
എന്നാല്‍ മുന്‍ മിസോറി അറ്റോര്‍ണി ജനറല്‍ ആന്‍ഡ്രൂ ബെയ്‌ലിയോ ഡെപ്യൂട്ടി എഫ്ബിഐ ഡയറക്ടര്‍ ഡാന്‍ ബോന്‍ഗിനോയോ ഈ പദവിയിലേക്ക് എത്തുമെന്ന സൂചന ശക്തമാണ്. ബെയ്‌ലിക്കായി എഫ്ബിഐ ആസ്ഥാനത്ത് ഓഫീസ് നിര്‍മിച്ചിട്ടുണ്ട്.
പട്ടേലിനെ പിരിച്ചുവിടില്ലെന്നും പകരം ഭരണകൂടത്തിലെ മറ്റൊരു പദവിയിലേക്ക് മാറ്റുമെന്നുമാണ് മാധ്യമ റിപ്പോര്‍ട്ട്. പട്ടേലിന്റെ മുന്‍കാല പ്രകടനങ്ങളില്‍ ട്രംപിന് അതൃപ്തിയുണ്ടായിരുന്നുവെന്ന് അദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായും ഫോക്സ് ന്യൂസ് വ്യക്തമാക്കുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.