പാകിസ്ഥാനിൽ മരിയംബാദ് തീർത്ഥാടനത്തിനിടെ കത്തോലിക്കാ വിശ്വാസിയെ വെടിവെച്ച് കൊലപ്പെടുത്തി

പാകിസ്ഥാനിൽ മരിയംബാദ് തീർത്ഥാടനത്തിനിടെ കത്തോലിക്കാ വിശ്വാസിയെ വെടിവെച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ മരിയംബാദിലുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ തീർഥാടനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കത്തോലിക്കാ വിശ്വാസിയെ വെടിവെച്ച് കൊലപ്പെടുത്തി. മോട്ടോർ സൈക്കിളിലെത്തിയ തോക്കുധാരികൾ അഫ്‌സൽ മാസിഹ് എന്ന നാലു കുട്ടികളുടെ പിതാവിനെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ 16 വയസുള്ള ആൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.

അഫ്സൽ മാസിഹ് പതിനഞ്ചോളം വരുന്ന മറ്റ് തീർഥാടകരോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. മോട്ടോർ സൈക്കിളുകളിലെത്തിയ യുവാക്കൾ ഇവർ സഞ്ചരിച്ചിരുന്ന ബസിനെ സമീപിക്കുകയായിരുന്നു. ദേവാലയത്തിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഒരു പെട്രോൾ പമ്പിൽ തീർഥാടക സംഘം നിർത്തിയപ്പോൾ മുഹമ്മദ് വഖാസ് എന്നയാൾ റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

കഴുത്തിന് വെടിയേറ്റ അഫ്സലിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. പ്രതിയായ വഖാസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് കൊലപ്പെടുത്താനുള്ള ഉദ്ദേശമില്ല എന്നാണു ഇയാൾ ആദ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്.

മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാകിസ്ഥാനിലെ ഈ ആക്രമണം ക്രൈസ്തവരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ ക്രിസ്ത്യൻ നേതാക്കൾ ദുഖവും പ്രതിഷേധവും പ്രകടിപ്പിച്ചു, സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് കഠിന ശിക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

“അഫ്സലിന്റെ മരണത്തിൽ ഞങ്ങൾ നിരാശരാണ്. പരിശുദ്ധ മറിയത്തിന്റെ മുൻപിൽ പ്രാർഥിക്കാനെത്തിയ ഒരു വിശ്വാസിയായിരുന്നു അദേഹം. ഇന്ന് ഞങ്ങൾ അദേഹത്തിന്റെ ആത്മാവിനെ നമ്മുടെ സ്വർഗീയ അമ്മയുടെ പരിചരണത്തിൽ ഭരമേൽപ്പിക്കുകയും കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നു,” ദേവാലയത്തിന്റെ റെക്ടറായ ഫാദർ താരിഖ് ജോർജ് പറഞ്ഞു.

1893 ൽ കാപൂച്ചിൻ മിഷണറിമാർ സ്ഥാപിച്ച മരിയംബാദ് തീർത്ഥാടനകേന്ദ്രം 1949-ൽ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. ഓരോ സെപ്റ്റംബർ മാസവും നടക്കുന്ന വാർഷിക തിരുനാളിൽ ക്രിസ്ത്യാനികൾക്ക് പുറമേ മുസ്ലിം, ഹിന്ദു വിശ്വാസികളും പങ്കെടുക്കാറുണ്ട്.

പാകിസ്ഥാനിൽ ഏകദേശം 96 ശതമാനം പേർ മുസ്ലിംകളാണ്. ക്രിസ്ത്യാനികൾ ഏകദേശം 1.4 ശതമാനം മാത്രമുള്ള ന്യൂനപക്ഷമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെപ്പറ്റി ഗുരുതരമായ ആശങ്കകൾ ഉയരുന്നതിനിടെയാണ് അഫ്സൽ മാസീഹിന്റെ കൊലപാതകം നടന്നിരിക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.