നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് : നാട്ടില്‍ തിരിച്ചെത്തിയ 14 ലക്ഷം പേര്‍ പദ്ധതിയ്ക്ക് പുറത്താകും

നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് : നാട്ടില്‍ തിരിച്ചെത്തിയ 14 ലക്ഷം പേര്‍ പദ്ധതിയ്ക്ക് പുറത്താകും

കൊച്ചി: പ്രവാസികള്‍ക്കായി നോര്‍ക്ക നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തിരിച്ച് വന്ന പ്രവാസികളെ ഒഴിവാക്കുന്നതായി പരാതി. 41.7 ലക്ഷം പ്രവാസികളെ ലക്ഷ്യംവച്ചുള്ളതാണ് പദ്ധതിയെങ്കിലും നിലവില്‍ വിദേശത്തുള്ളവര്‍ക്കും കേരളത്തിന് പുറത്തുള്ള മറുനാടന്‍ മലയാളികള്‍ക്കും മാത്രമാണ് അംഗത്വം. ഇതോടെ തിരിച്ചുവന്ന 14 ലക്ഷത്തോളം പ്രവാസികള്‍ പദ്ധതിയില്‍ നിന്ന് പുറത്താകും.

ഈ മാസം 22 മുതലാണ് പദ്ധതി തുടങ്ങുന്നത്. പതിറ്റാണ്ടുകള്‍ വിദേശങ്ങളില്‍ ജോലി ചെയ്ത് അനാരോഗ്യവും തൊഴില്‍ നഷ്ടവുംമൂലം തിരിച്ചെത്തിയവരാണ് ഈ 14 ലക്ഷം പ്രവാസികളില്‍ അധികവും. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് ഏറ്റവുമധികം ആവശ്യം. ഇപ്പോള്‍ വിദേശത്ത് ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം തൊഴില്‍ പെര്‍മിറ്റിനോടൊപ്പം അതത് രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. അതിനാല്‍ അവിടത്തെ ആരോഗ്യ പരിരക്ഷ അവര്‍ക്ക് ലഭിക്കും. പ്രവാസിക്കും പങ്കാളിക്കും രണ്ട് മക്കള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക.

അതേസമയം നോര്‍ക്ക കെയറിന്റെ പരിരക്ഷയില്‍ വിദേശത്തെ പ്രവാസികളുടെ രക്ഷിതാക്കളെ ഉള്‍പ്പെടുത്തിയിട്ടുമില്ല. പ്രായം കൊണ്ടും അനാരോഗ്യം കൊണ്ടും രക്ഷിതാക്കളാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ആവശ്യമുള്ളവര്‍. തിരിച്ച് വന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെന്ന പ്രശ്നവും ഉണ്ട്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും ഈ കാര്‍ഡ് നല്‍കണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നു. അതുമാത്രമല്ല നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇന്ത്യയില്‍ വന്ന് ചികിത്സ തേടുകയും വേണം.

എന്താണ് നോര്‍ക്ക കെയര്‍

ഗ്രൂപ്പ് മെഡി ക്ലെയിം പോളിസി(ജിഎംസി), ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റല്‍ പോളിസി(ജിപിഎ) എന്നിവയാണ് നോര്‍ക്ക കെയര്‍ നല്‍കുന്ന പോളിസികള്‍. ജിഎംസിയില്‍ ഏത് ആരോഗ്യ പ്രശ്നത്തിനും കുടുംബത്തിനോ വ്യക്തിക്കോ അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. ജിപിഎയില്‍ ഏത് തരം അപകടത്തിനും 10 ലക്ഷം രൂപ വരെ ലഭിക്കും. 18 നും 70 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് പരിരക്ഷ ലഭിക്കുക.

കേരളത്തിലെ 488 ആശുപത്രികളും രാജ്യത്തെ 16167 ആശുപത്രികളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രണ്ട് പദ്ധതികളിലും കൂടി പ്രവാസിക്ക് മാത്രം 8101 ഇന്ത്യന്‍ രൂപയാണ് പ്രീമിയം. പ്രവാസി, പങ്കാളി, രണ്ട് മക്കള്‍ എന്നിവര്‍ക്ക് 13411 രൂപ വരും. കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 4130 രൂപ അടയ്ക്കണം.

നാടിന്റെ വികസനത്തിന് വലിയ പങ്കുവഹിച്ച മടങ്ങിയെത്തിയ പ്രവാസികളെ അവഗണിക്കുന്നത് അനീതിയാണെന്ന് സംഘടനകള്‍ വ്യക്തമാക്കുന്നു. അവരെക്കൂടി നോര്‍ക്കയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കണം. വിദേശത്ത് ഉള്ളവരുടെ രക്ഷിതാക്കളെയും ഇതില്‍ ചേര്‍ക്കണം. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിദേശങ്ങളിലെ ആശുപത്രികളെക്കൂടി ഉള്‍പ്പെടുത്തിയാലെ പ്രവാസികള്‍ക്ക് യഥാര്‍ത്ഥ പ്രയോജനം ലഭിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.