മലപ്പുറത്ത് മലമ്പനി; സ്ഥിരീകരിച്ചത് അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക്

മലപ്പുറത്ത് മലമ്പനി; സ്ഥിരീകരിച്ചത് അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്ന് പേര്‍ക്ക്

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഒരു കുടുംബത്തിലെ മൂന്നുപേരും നാല് ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നാണ് വണ്ടൂരിലെത്തിയത്. നിലവില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വീടുകള്‍ കയറി ബോധവല്‍ക്കരണവും ആരംഭിച്ചു.

അമ്പലപ്പടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (ഏഴ്) എന്നിവര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെക്ടര്‍ സര്‍വേ, വെക്ടര്‍ കളക്ഷന്‍, ലാര്‍വ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനി സര്‍വേ, ഉറവിട നശീകരണം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ നടപടികളും പുരോഗമിക്കുന്നുണ്ട്. പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റ് ജലസ്രോതസുകളും പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ രാത്രിയില്‍ നടന്ന പരിശോധനയില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാര്‍വകളെയും കണ്ടെത്തി. പരിസര പ്രദേശങ്ങളില്‍ പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.