ഒട്ടാവ: കുപ്രസിദ്ധ കുറ്റവാളിയും അധോലോക ഗുണ്ടാത്തലവനുമായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ.
കനേഡിയന്‍ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദ സാംഗ്രിയുടേതാണ് പ്രഖ്യാപനം. ബിഷ്‌ണോയിയെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് കനേഡിയന്‍ എംപി ഫ്രാങ്ക് കാപുട്ടോ ആനന്ദ സാംഗ്രിയോട് ആവശ്യപ്പെട്ട് ഒരു മാസം പിന്നിടുമ്പോഴാണ് നടപടി.
ഇതോടെ ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘത്തിനെതിരെ കാനഡയിലെ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരം നല്‍കും.
കനേഡിയന്‍ നിയമപ്രകാരം, ബിഷ്‌ണോയി സംഘം കൈവശം വെക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ വസ്തുവകകളുമായി മനപൂര്‍വം ഇടപാട് നടത്തുന്നത് നിലവില്‍ ക്രിമിനല്‍ കുറ്റമാണ്. കൂടാതെ സംഘത്തിന് പ്രയോജനം ലഭിക്കുമെന്നോ ഉപയോഗിക്കുമെന്നോ അറിഞ്ഞുകൊണ്ട് നേരിട്ടോ അല്ലാതെയോ വസ്തുവകകള്‍ നല്‍കുന്നതും ക്രിമിനല്‍ കുറ്റമാകും.
ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംഘത്തില്‍പ്പെട്ടവരെന്ന് സംശയിക്കുന്നവര്‍ക്ക് കാനഡയിലേക്ക് പ്രവേശനം നിഷേധിക്കാം. കൊലപാതകം, വെടിവെപ്പ്, തീവെപ്പ്, പിടിച്ചുപറി എന്നിവയില്‍ സംഘം ഏര്‍പ്പെടുന്നുണ്ടെന്നും പ്രത്യേകിച്ച് ഇന്ത്യന്‍ വംശജരെയും അവരുടെ ബിസിനസുകളെയും സാംസ്‌കാരിക വ്യക്തികളെയും ലക്ഷ്യമിട്ടാണെന്നും കനേഡിയന്‍ സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കാനഡയില്‍ അക്രമങ്ങളോ ഭീകരതയോ അനുവദിക്കില്ല. പ്രത്യേകിച്ചും, ചില ജനവിഭാഗങ്ങള്‍ക്കിടയില്‍ ഭയവും പേടിയും ഉണ്ടാക്കാന്‍ വേണ്ടി അവരെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രശസ്ത പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകം (2022 മെയ്), രജ്പുത് നേതാവ് സുഖ്‌ദേവ് ഗോഗാമേദി വധം (2023 ഡിസംബര്‍), മഹാരാഷ്ട്ര രാഷ്ട്രീയ നേതാവ് ബാബാ സിദ്ദിഖി വധം (2024 ഒക്ടോബര്‍), നടന്‍ സല്‍മാന്‍ ഖാനെ ലക്ഷ്യമിട്ട് വീടിന് മുന്നില്‍ നടന്ന വെടിവയ്പ്പ് (2025 ഏപ്രില്‍) എന്നിവയാണ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട പ്രധാന കേസുകള്‍.
2023 ജൂണില്‍ കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ അനുകൂലിയുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ബിഷ്‌ണോയി സംഘത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന് തെളിയിച്ചു. ഈ കൊലപാതകം ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകാന്‍ കാരണമായി. സംഘത്തിന്റെ കാനഡയിലെ കാര്യങ്ങള്‍ നോക്കിയിരുന്ന സഹായി ഗോള്‍ഡി ബ്രാറുമായി കഴിഞ്ഞ ജൂണിലാണ് ബിഷ്‌ണോയി അകന്നത്.
നിജ്ജാര്‍ കൊലപാതകത്തെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ വഷളായ ഇന്ത്യ-കാനഡ ബന്ധം, അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്ഥാനമൊഴിഞ്ഞ ശേഷം മെച്ചപ്പെടാന്‍ തുടങ്ങി. പുതിയ പ്രധാനമന്ത്രിയായ മാര്‍ക്ക് കാര്‍ണി വന്നതോടെ കാനഡ ഇന്ത്യയില്‍ പുതിയ നയതന്ത്ര ഉദ്യോഗസ്ഥനെ നിയമിച്ചു. ഇതിനു പിന്നാലെയാണ് ബിഷ്‌ണോയി സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചുള്ള ഇപ്പോഴത്തെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.