സമുദായ ശക്തീകരണ വര്‍ഷം 2026 ന് ഞായറാഴ്ച തുടക്കം; മൂന്ന് ഘട്ടങ്ങളിലായി കര്‍മ പദ്ധതികള്‍

സമുദായ ശക്തീകരണ വര്‍ഷം 2026 ന് ഞായറാഴ്ച  തുടക്കം; മൂന്ന് ഘട്ടങ്ങളിലായി കര്‍മ പദ്ധതികള്‍

കൊച്ചി: മനുഷ്യ നന്മ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സഭയുടെ ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.

ദൈവിക പദ്ധതിയനുസരിച്ച് മനുഷ്യ സമൂഹത്തെ സത്യത്തിലും നീതിയിലും സ്‌നേഹത്തിലും ഉറപ്പിക്കാനുള്ള കടമയും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് 'സമുദായ ശക്തീകരണ വര്‍ഷം 2026' ന് മുന്നോടിയായി സഭയിലെ മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും വിശ്വാസികള്‍ക്കുമായി പുറത്തിറക്കിയ സര്‍ക്കുലറില്‍ അദേഹം പറഞ്ഞു.

സര്‍ക്കുലറിന്റെ പൂര്‍ണ രൂപം:

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 'സഭ ആധുനിക ലോകത്തില്‍' എന്ന പ്രമാണരേഖ സഭയും ലോകവും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്. സഭയും ലോകവും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന യാഥാര്‍ഥ്യങ്ങളല്ല. ലോകത്തിന്റെ മൂല്യ ക്രമമല്ല പിന്തുടരുന്നതെങ്കിലും സഭ ലോകത്തിലാണ് നില നില്‍ക്കുന്നത്. ലോകത്തെ ദൈവരാജ്യത്തിനായി തയ്യാറാക്കുകയാണ് സഭയുടെ ദൗത്യം.

ആത്മീയ ശുശ്രൂഷകള്‍ പരികര്‍മം ചെയ്യുന്നതിലൂടെ മാത്രം ഈ ദൗത്യം പൂര്‍ത്തിയാകുന്നില്ല. മനുഷ്യ നന്മ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സഭയുടെ ദൗത്യ നിര്‍വഹണത്തിന്റെ ഭാഗമാണ്. ദൈവിക പദ്ധതിയനുസരിച്ച് മനുഷ്യ സമൂഹത്തെ സത്യത്തിലും നീതിയിലും സ്‌നേഹത്തിലും ഉറപ്പിക്കാനുള്ള കടമയും അതില്‍ ഉള്‍പ്പെടുന്നുണ്ട്.

ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളിലും അനുദിന ജീവിത മേഖലകളില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളിലും സഭയുടെ ശ്രദ്ധ പതിയേണ്ടതുണ്ട്. ഈ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി സിറോ മലബാര്‍ സഭാംഗങ്ങളുടെ സാമൂഹിക, സാംസകാരിക, സാമ്പത്തിക പരിതസ്ഥിതിയെക്കുറിച്ച് യാഥാര്‍ഥ്യ ബോധത്തോടെ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് 2025 ജനുവരിയില്‍ ചേര്‍ന്ന സഭയുടെ മെത്രാന്‍സിനഡ് 2026 സമുദായ ശക്തീകരണ വര്‍ഷമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിയ നിയതമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സീറോ മലബാര്‍ സഭയില്‍ ഇപ്രകാരമൊരു വര്‍ഷാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും സഭാ തലത്തിലും സമീപകാലങ്ങളില്‍ നടത്തപ്പെട്ട സര്‍വേകളും അവയുടെ റിപ്പോര്‍ട്ടുകളും സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ വിശദമായി പഠിച്ചു.

ക്രൈസ്തവര്‍ സമകാലിക സമൂഹത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ട വിവിധ മേഖലകളെയും ഒരു സമൂഹമെന്ന നിലയില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും കുറിച്ചുള്ള പഠനങ്ങള്‍ സിനഡ് സമ്മേളനങ്ങളിലും 2024 ഓഗസ്റ്റ് മാസത്തില്‍ പാലായില്‍ നടത്തിയ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയിലും അവതരിപ്പിച്ചു.

നമ്മുടെ ജനസംഖ്യയുടെ വളര്‍ച്ച, കാര്‍ഷിക മേഖലയിലെ വെല്ലുവിളികള്‍, സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളിലും സര്‍ക്കാരുദ്യോഗ തലങ്ങളിലുമുള്ള നമ്മുടെ പ്രാതിനിധ്യം, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗങ്ങളിലുള്ള നമ്മുടെ സാന്നിധ്യം, സര്‍ക്കാര്‍ പദ്ധതികളിലും ആനുകൂല്യങ്ങളിലും നമുക്ക് ന്യായമായി ലഭിക്കേണ്ട വിഹിതം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ വെളിച്ചത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദേശ പ്രകാരമാണ് സമുദായ ശക്തീകരണ വര്‍ഷം ആചരിക്കുന്നത്.

സമുദായം എന്ന പദം എന്തിനാണ് ഉപയോഗിക്കുന്നത്. സഭയെന്നുതന്നെ പറഞ്ഞാല്‍ മതിയാകുമല്ലോ എന്ന് ചിലര്‍ അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ ക്രിസ്തീയ സമൂഹത്തിന്റെ സാമൂഹിക തലങ്ങളെ പ്രത്യേകമായി എടുത്തു കാണിക്കുന്നതിനും ഭൗതിക മേഖലകളില്‍ ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ വ്യക്തതയോടെ അവതരിപ്പിക്കുന്നതിനും സമുദായം എന്ന വാക്കാണ് കൂടുതല്‍ ഫലപ്രദം.

ഒരു സഭയെന്നതിനൊപ്പം ഒരു സമുദായമായിക്കൂടി നമ്മെ മനസിലാക്കുമ്പോഴാണ് പൊതുസമൂഹത്തില്‍ ഈ കൂട്ടായ്മയുടെ ആഭ്യന്തര കെട്ടുറപ്പും ഐക്യവും കൂടുതല്‍ ദൃഢമാകുന്നതും പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കാനും പുതിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും നമുക്ക് സാധിക്കുക. ചുരുക്കിപ്പറഞ്ഞാല്‍ സഭ എന്ന പദം ഉപയോഗിക്കുമ്പോള്‍ നമ്മുടെ സ്വാഭാവിക ചിന്തയിലേക്ക് വരാത്ത സാമൂഹ്യ ജീവിത സാഹചര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് സമുദായം എന്ന വാക്ക് ബോധപൂര്‍വം ഉപയോഗിക്കുന്നത്.

ഒരു ഹൃദയവും ഒരാത്മാവുമായിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെയും (അപ്പ. 4:32) വിശ്വാസത്താല്‍ ഒരേ കുടുംബത്തിലെ അംഗങ്ങളായവര്‍ക്ക് നന്‍മ ചെയ്യാനുള്ള (ഗലാ 6:10) പൗലോസ് ശ്ലീഹായുടെ ആഹ്വാനത്തെയും ധ്യാനിക്കുമ്പോള്‍, പരസ്പരം സ്‌നേഹിച്ചും പിന്തുണച്ചും ആത്മീയമായും ഭൗതികമായും സഹായിച്ചും ഉദാത്തമായ ക്രിസ്തീയ സാഹോദര്യത്തില്‍ വളരുന്ന ഒരു സമുദായമായി നമ്മള്‍ മാറണമെന്ന ബോധ്യം കൈവരുന്നു.

സമുദായ ശക്തീകരണ വര്‍ഷാചരണം ഫലപ്രദമായി സംഘടിപ്പിക്കാനുള്ള ചുമതല സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷനെയാണ് സിനഡ് ഏല്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് ഈ ദൗത്യത്തില്‍ കമ്മിഷന്റെ പ്രധാന സഹകാരിയാണ്.

നമ്മുടെ സഭയിലെ മെത്രാന്‍മാര്‍, വൈദികര്‍, സമര്‍പ്പിതര്‍, സെമിനാരി വിദ്യാര്‍ഥികള്‍, പാസ്റ്ററല്‍, ഫൊറോനാ, പാരിഷ് കൗണ്‍സിലുകള്‍, മാത്യവേദി, എസ്.എം.വൈ.എം, മിഷന്‍ലീഗ്, ഡി.സി.എം.എസ് തുടങ്ങിയ സഭാതല അത്മായ സംഘടനകള്‍, ഇവയ്ക്കു പുറമെയുള്ള രൂപതാതല സംഘടനകള്‍, മതാധ്യാപകര്‍, കുടുംബക്കൂട്ടായ്മ ലീഡേഴ്സ്, സ്‌കൂള്‍, കോളജ് അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, റിട്ട. ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, വ്യാപാരി-വ്യവസായികള്‍ എന്നിങ്ങനെ എല്ലാ തലത്തിലുമുള്ളവരുടെയും പൂര്‍ണമായ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ വര്‍ഷാചരണം നടത്താന്‍ ആഗ്രഹിക്കുന്നത്. സഭയിലെ അല്‍മായരും സമര്‍പ്പിതരും പട്ടക്കാരും മേല്‍പ്പട്ടക്കാരുമെല്ലാം ഈ സമുദായത്തിന്റെ ഭാഗം തന്നെയാണല്ലോ.

ഈ വര്‍ഷാചരണത്തിന്റെ കര്‍മ പദ്ധതി പ്രാരംഭ ഘട്ടം, പ്രായോഗിക ഘട്ടം, അനുബന്ധ ഘട്ടം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രാരംഭഘട്ടം ഇന്ന് ഈ സര്‍ക്കുലര്‍ വായനയോടുകൂടി ആരംഭിക്കുകയാണ്. 2025 ഡിസംബര്‍ മാസാവസാനം വരെയാണ് പ്രാരംഭഘട്ടത്തിനായി നീക്കിവച്ചിരിക്കുന്ന സമയം. ഈ ഘട്ടത്തില്‍ സമുദായ വിഷയങ്ങളെക്കുറിച്ചുള്ള ബോധവല്‍കരണമാണ് നടത്തേണ്ടത്,

അത് വൈദികര്‍, സമര്‍പ്പിതര്‍, സെമിനാരി വിദ്യാര്‍ഥികള്‍. അല്‍മായര്‍ എന്നിങ്ങനെ സഭയിലെ എല്ലാ തലങ്ങളിലുമുള്ളവര്‍ക്കായി നടത്തപ്പെടണം. രൂപതകള്‍, ഇടവകകള്‍, സെമിനാരികള്‍, സമര്‍പ്പിത സമൂഹങ്ങള്‍, കോര്‍പ്പറേറ്റ് മാനേജ്മെന്റുകള്‍, അണ്‍എയ്ഡഡ് സ്‌കൂളുകള്‍, കോളജുകള്‍, ഇതര വിദ്യാഭ്യാ സ്ഥാപനങ്ങള്‍ എന്നിവ തങ്ങളുടേതായ തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ക്രമീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ.സി.എസ്.എല്‍, സി.എസ്.എം. തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ഇത് നടപ്പിലാക്കാന്‍ സാധിക്കും.

സമുദായ ബോധവല്‍കരണത്തിന് സഹായകമാകത്തക്ക വിധത്തില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ മനോഹരമായ ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. സമുദായ ശക്തികരണ കര്‍മ പദ്ധതിയുടെ വിശദാംശങ്ങള്‍ ഇതിലുണ്ട്. രൂപതകളില്‍ റിസോഴ്സ് ടീം രൂപീകരിച്ച് കൈപ്പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

ദീപിക, ഷെക്കേയ്‌നാ, ശാലോം, ഗുഡ്നെസ് തുടങ്ങി സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ ബോധവല്‍കരണ പ്രക്രിയയില്‍ സജീവ പങ്കാളികളാകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. സമുദായം നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതും അവയ്ക്കുള്ള പരിഹാരം കണ്ടെത്തുന്നതുമാണ് ഈ വര്‍ഷം ആചരിക്കുന്നതിലൂടെ നമ്മള്‍ ലക്ഷ്യമിടുന്നത്


രണ്ടാംഘട്ടം പ്രായോഗിക ഘട്ടമാണ്. ഇത് 2026 ജനുവരി ആറ്, ദനഹാത്തിരുന്നാളില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കൈപ്പുസ്തകത്തില്‍ നിര്‍ദേശിച്ചിട്ടുള്ള കര്‍മ പദ്ധതികള്‍ പരമാവധി എല്ലാ തലങ്ങളിലും നടപ്പിലാക്കിയെടുക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. അവയില്‍ ചില കാര്യങ്ങള്‍ നമുക്ക് 2026 ല്‍ തന്നെ ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ സാധിക്കും. അതേസമയം ചില കാര്യങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടവയും സാവധാനം ലക്ഷ്യത്തിലെ ത്തുന്നവയുമാണ്.

സമുദായ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ഒരു വര്‍ഷം കൊണ്ട് അവസാനിപ്പിക്കേണ്ടവയല്ല. നിരന്തരം തുടരേണ്ടവയാണ്. അതിനാല്‍, തുടര്‍ വര്‍ഷങ്ങളെ അനുബന്ധ ഘട്ടമായാണ് കണക്കാക്കുന്നത്. 2026 ലെ വര്‍ഷാചരണം സമുദായ ശാക്തീകരണത്തിന്റെ പ്രാരംഭ നടപടിയും പ്രായോഗിക പരിശീലനവും മാത്രമാണ്.

ഈ വര്‍ഷാചരണത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് എല്ലാ രൂപതകളിലും ക്രമീകരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഒരു വികാരി ജനറാളിന് വര്‍ഷാചരണത്തിന്റെ പ്രത്യേക ചുമതലയുണ്ടാകണം. അദേഹത്തിന്റെ കീഴില്‍ ഒരു വൈദികന്‍ വര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായും ഒരു അല്‍മായന്‍ കണ്‍വീനറായും പ്രവര്‍ത്തിക്കണം. പ്രസ്തുത വികാരി ജനറാള്‍ ചെയര്‍മാനായി രൂപതാതല സമുദായ ശക്തീകരണ കമ്മിറ്റി രൂപീകരിക്കണം.

ഈ കമ്മിറ്റിയില്‍ വൈദികര്‍, സമര്‍പ്പിതര്‍, സംഘടനകള്‍, മതാധ്യാപകര്‍ തുടങ്ങി രൂപതയുടെ എല്ലാ തലങ്ങളിലുള്ളവരുടെ പ്രതിനിധികള്‍ ഉണ്ടാകണം. ഫൊറോനാ, ഇടവക തലങ്ങളിലും ഈ കമ്മിറ്റിക്ക് കീഴ്ഘടകങ്ങള്‍ ഉണ്ടാകണം. ഈ സുപ്രധാന കമ്മിറ്റിയാണ് വര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് രൂപതകളില്‍ നേതൃത്വം നല്‍കേണ്ടത്. ഈ കമ്മിറ്റിയുടെ ചുമതലയില്‍ റിസോഴ്‌സ് ടീം രൂപീകരിക്കുകയും ബോധവല്‍കരണം ഊര്‍ജിതമായി നടത്തുകയും ചെയ്യണം.

സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ അവരവരുടെ തലങ്ങളില്‍ പ്രത്യേകമായി താല്‍പര്യമെടുത്ത് പ്രവര്‍ത്തിക്കണമെന്ന് നമ്മുടെ സഭയിലെ എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. പ്രവാസ ജീവിതത്തില്‍ നിന്ന് മടങ്ങിയെത്തിയ ഇസ്രയേല്‍ ജനത്തോട് നെഹെമിയാ നടത്തിയ ആഹ്വാനം നമുക്ക് ഓര്‍ക്കാം: 'വരുവിന്‍, നമുക്കു ജറുസലേമിന്റെ മതില്‍ പണിയാം' (2:17). നെഹെമിയായുടെ ആഹ്വാനം സ്വീകരിച്ച ഇസ്രായേലിലെ ഓരോരുത്തരും താന്താങ്ങളുടെ ഭാഗം പണിത് നഗര മതിലിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കി.

ഇതുപോലെ സമുദായത്തിലെ ഓരോ അംഗവും ഓരോ വിഭാഗവും താന്താങ്ങളുടെ കര്‍മശേഷി പൂര്‍ണമായും ഉപയോഗിച്ച് കുടുംബ കൂട്ടായ്മകളിലും ഇടവകകളിലും ഫൊറോനകളിലും രൂപതകളിലും സമുദായത്തെ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കുമ്പോള്‍ നമ്മുടെ സമുദായം മുഴുവന്‍ ശക്തിപ്പെടും. സമുദായ ശാക്തി കരണ വര്‍ഷാചരണം നീണ്ടു നില്‍ക്കുന്ന ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യും.

നമ്മുടെ എല്ലാ സംരംഭങ്ങളിലും നമ്മുടെ കര്‍ത്താവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരിക്കട്ടെ! നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമാതാവും മാര്‍ത്തോമാശ്ലീഹായും നമ്മുടെ സഭയിലെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരും ഏറെ പ്രത്യേകമായി കേരളത്തിന്റെ നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഭാരതത്തിലെ അല്‍മായരുടെ പ്രത്യേക മധ്യസ്ഥനായി പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച വിശുദ്ധ ദേവസഹായവും നമുക്കു വേണ്ടി പ്രാര്‍ഥിക്കട്ടെ!



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.