ഗാസ സമാധാന ഉച്ചകോടി: ട്രംപിന്റെ ക്ഷണം ലഭിച്ചെങ്കിലും മോഡി പങ്കെടുക്കില്ല; പകരക്കാരനായി വിദേശകാര്യ സഹമന്ത്രി

ഗാസ സമാധാന ഉച്ചകോടി:  ട്രംപിന്റെ ക്ഷണം ലഭിച്ചെങ്കിലും മോഡി പങ്കെടുക്കില്ല;  പകരക്കാരനായി  വിദേശകാര്യ സഹമന്ത്രി

ന്യൂഡല്‍ഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ ഷാം അല്‍ ഷെയ്കില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ ക്ഷണമുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല.

വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഉച്ചകോടിക്ക് നരേന്ദ്ര മോഡിയെ അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് ക്ഷണം ഉള്ളത്.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഇരുപതോളം ലോക നേതാക്കള്‍ പശ്ചിമേഷ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ഈജിപ്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഈജിപ്തില്‍ എത്തുന്നതോടെ ബന്ദി കൈമാറ്റം തുടങ്ങും. ഈജിപ്തില്‍ നിന്ന് ടെല്‍ അവീവിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കും.

അതേസമയം ഗാസയില്‍ മുന്‍ വെടിനിര്‍ത്തലുകളെ അപേക്ഷിച്ച് ഇത്തവണ വലിയ തര്‍ക്കങ്ങള്‍ ഇതിനോടകം കുറവാണ് എന്നത് ആശ്വാസകരമാണ്. സഹായവുമായി നൂറുകണക്കിന് ട്രക്കുകള്‍ ഇന്ന് ഗാസയിലെത്തും. ഇസ്രയേല്‍ സേന പിന്‍വാങ്ങിയ ഇടങ്ങളില്‍ ഹമാസ് പൊലീസിനെ വിന്യസിച്ചു തുടങ്ങി. കൈമാറുന്ന ബന്ദികളുടെ സമ്പൂര്‍ണ വിവരം ഇന്ന് വൈകുന്നേരത്തോടെ ഹമാസ് നല്‍കണം.

പാലസ്തീന്‍ തടവുകാരെയും ഉടന്‍ മോചിപ്പിച്ചു തുടങ്ങും. മുന്‍ വെടിനിര്‍ത്തലുകളില്‍ നിന്ന് വ്യത്യസ്തമായി കൈമാറ്റച്ചടങ്ങ് പരസ്യമായിരിക്കില്ലെന്നാണ് വിവരം. അതിനിടെ യുദ്ധത്തെ തുടര്‍ന്ന് ഗാസ വിട്ടുപോയ പതിനായിരങ്ങള്‍ സ്വന്തം മണ്ണിലേക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.