ടെല്‍ അവീവ്: ഗാസയിലെ വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്‍ സ്വീകരണം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി ട്രംപിനെ സ്വീകരിച്ചു. ടെല്‍ അവിവ് ബീച്ചില്‍ 'നന്ദി ട്രംപ്' എന്ന് ബാനര്‍ എഴുതിയാണ് ഇസ്രയേല്‍ ട്രംപിന് സ്വീകരണമൊരുക്കിയത്.
തുടര്‍ന്ന് ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിനെ അഭിസംബോധന ചെയ്തു. നെതന്യാഹുവിനൊപ്പം നെസെറ്റില്‍ എത്തിയ ട്രംപിനെ എഴുന്നേറ്റ് നിന്നു കയ്യടികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുന്നതിനു തൊട്ടുമുന്‍പ് ബന്ദികളുടെ കുടുംബങ്ങളുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് മുമ്പായാണ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിലെത്തിയത്. പിന്നീട് ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അദേഹം ഈജിപ്തിലേക്ക് പോയി.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും പങ്കെടുക്കില്ല.
വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് ഉച്ചകോടിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
അതേസമയം ഇസ്രയേലി ബന്ദികളെ മുഴുവന്‍ കൈമാറിയതിന് പിന്നാലെ പാലസ്തീന്‍ തടവുകാരെ വഹിച്ചുകൊണ്ടുള്ള ആദ്യ ബസ് ഗാസയിലെത്തി. ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായാണ് ആദ്യ ബസ് ഇസ്രയേലില്‍ നിന്ന് ഗാസയിലെത്തിയത്. 20 ബന്ദികള്‍ക്ക് പകരമായി 1950 പാലസ്തീന്‍ തടവുകാരെയാണ് ഇസ്രയേല്‍ കൈമാറുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.