പാക്-അഫ്ഗാന്‍ ഏറ്റുമുട്ടല്‍: 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ

പാക്-അഫ്ഗാന്‍ ഏറ്റുമുട്ടല്‍: 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ

ഇസ്ലാമാബാദ്: നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ഏറ്റുമുട്ടലിന് പിന്നാലെ 48 മണിക്കൂര്‍ താല്‍കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.

ഇന്ത്യന്‍ സമയം വൈകുന്നേരം 6:30 നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. സങ്കീര്‍ണമായ പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുമെന്ന് പാകിസ്ഥാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതായാണ് പാകിസ്ഥാന്‍ അവകാശപ്പെട്ടത്. അതേസമയം വെടിനിര്‍ത്തലിനെക്കുറിച്ചോ ഏറ്റുമുട്ടല്‍ താല്‍കാലികമായി നിര്‍ത്താന്‍ ആരാണ് ആവശ്യപ്പെട്ടത് എന്നതിനെക്കുറിച്ചോ അഫ്ഗാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഒരു പാക് ആര്‍മി ഔട്ട്പോസ്റ്റ് നശിപ്പിച്ചെന്ന് താലിബാന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

പ്രദേശത്ത് ഭീകരാക്രമണം നടത്തുന്ന തോക്കുധാരികളെ അഫ്ഗാനിസ്ഥാന്‍ പിന്തുണയ്ക്കുന്നുവെന്നാണ് പാകിസ്ഥാന്റെ ആരോപണം. 2021 ല്‍ താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ച ശേഷം ആക്രമണങ്ങള്‍ വര്‍ധിച്ചതായി പാക് സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

താലിബാന്‍ വിദേശകാര്യ മന്ത്രി മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പാകിസ്ഥാന്‍ ആക്രമണം ആരംഭിച്ചത്. പാകിസ്ഥാനെ തള്ളി അഫ്ഗാന്‍ ഇന്ത്യയുമായി അടുക്കാന്‍ ശ്രമം നടത്തിയതും നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിച്ചതുമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. കാബൂളില്‍ എംബസി തുറക്കുന്ന കാര്യവും ഇന്ത്യയുടെ പരിഗണനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.