വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും വലതുപക്ഷ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്കിന്റെ വധം ആഘോഷിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനം നടത്തിയ ആറ് പേരുടെ വിസ റദ്ദാക്കി.
അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ ഇവിടെ താമസിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് യു.എസ് ആഭ്യന്തര വകുപ്പ് എക്സ് പോസ്റ്റില്‍ പറഞ്ഞു.
കിര്‍ക്കിന്റെ വധത്തെ സ്വാഗതം ചെയ്ത വിദേശികളായ ആറ് പേരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ നേരത്തേ ആഭ്യന്തര വകുപ്പ് പങ്കുവെക്കുകയും വിസ റദ്ദാക്കുമെന്ന് സൂചന നല്‍കുകയും ചെയ്തിരുന്നു. യൂട്ടായിലെ സര്‍വകലാശാലാ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ സെപ്റ്റംബര്‍ പത്തിനാണ് കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നത്.
വിസ റദ്ദാക്കപ്പെട്ട ആറ് പേര്‍ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, ബ്രസീല്‍, ജര്‍മനി, പരാഗ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ചാര്‍ളി കിര്‍ക്കിന്റെ നിഷ്ഠൂരമായ കൊലപാതകം ആഘോഷിച്ച വിസ ഉടമകളെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം വിസ അപേക്ഷകളില്‍ സോഷ്യല്‍ മീഡിയ പരിശോധന വിപുലീകരിക്കുകയും ആയിരക്കണക്കിന് വിദ്യാര്‍ഥി വിസകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആറായിരത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ഥി വിസകള്‍ റദ്ദാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.