നൈജീരിയയിൽ 2025 ൽ ഇതുവരെ കൊല്ലപ്പെട്ടത് 7,087 ക്രൈസ്തവർ; പിന്നിൽ 22 ജിഹാദി സംഘടനകൾ

നൈജീരിയയിൽ 2025 ൽ ഇതുവരെ കൊല്ലപ്പെട്ടത് 7,087 ക്രൈസ്തവർ; പിന്നിൽ 22 ജിഹാദി സംഘടനകൾ

അബൂജ: 2025 ലെ ആദ്യ 220 ദിവസങ്ങൾക്കിടെ നൈജീരിയയിൽ കുറഞ്ഞത് 7,087 ക്രിസ്ത്യാനികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള പ്രമുഖ സര്‍ക്കാരിതര സംഘടനയായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍ സൊസൈറ്റി) റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവരൊപ്പം ഏകദേശം 8,000 ക്രൈസ്തവ വിശ്വാസികളെ തട്ടിക്കൊണ്ടുപോയതായും പറയുന്നു. ഈ വ്യാപകമായ അതിക്രമങ്ങൾക്ക് പിന്നിൽ നൈജീരിയയിൽ പ്രവർത്തിക്കുന്ന 22 ജിഹാദി സംഘടനകളാണെന്ന് ഇന്റർസൊസൈറ്റി ചെയർമാൻ എമേക ഉമെഗ്ബലാസി അറിയിച്ചു.

ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക, ജിഹാദിസ്റ്റ് ഫുലാനി ഇടയന്മാർ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾ ഈ സംഘങ്ങളിൽ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ക്രൈസ്തവ മതവിശ്വാസികളായ 11.2 കോടി പേരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും അടുത്ത 50 വർഷത്തിനുള്ളിൽ നൈജീരിയയിൽനിന്ന് ക്രിസ്തുമതത്തെ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇവരുടെ ദീർഘകാല ലക്ഷ്യമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിൽ ചില വ്യക്തികൾ സർക്കാർ വകുപ്പുകളിലുമുള്ള സ്വാധീന നിലനിറുത്തുന്നുണ്ടെന്ന ആരോപണവും ഉമെഗ്ബലാസി ഉന്നയിച്ചു.

2009 മുതൽ നടന്ന ഭീകരാക്രമണങ്ങളിൽ 1,85,000 ത്തിലധികം നൈജീരിയക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 1,25,009 പേർ ക്രൈസ്തവർ ആണെന്നും ‘ലിബറൽ മുസ്ലീങ്ങൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 60,000 പേർ കൂടി കൊല്ലപ്പെട്ടതായും പറയുന്നു.

അതേസമയം 19,100 ത്തിലധികം പള്ളികൾ നശിപ്പിക്കപ്പെട്ടതായും 250 കത്തോലിക്കാ വൈദികരെയും 350 പാസ്റ്റർമാരെയും തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇവരിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

ഇന്റർസൊസൈറ്റിയുടെ ഈ കണ്ടെത്തലുകൾക്കും നൈജീരിയയെ വീണ്ടും വിശേഷ ആശങ്കാകുലമായ രാജ്യം (CPC) എന്ന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ട് വരുന്ന യുഎസ് ജനപ്രതിനിധികളെയും നൈജീരിയൻ സർക്കാർ വിമർശിച്ചു.

ക്രൈസ്തവർക്കെതിരായ പീഡനങ്ങളെക്കുറിച്ചുള്ള വാർത്തകൾ യാഥാർത്ഥ്യത്തിന്റെ തെറ്റായ പ്രതിനിധാനം ആണെന്ന് ഇൻഫർമേഷൻ ആൻഡ് നാഷണൽ ഓറിയന്റേഷൻ മന്ത്രി മുഹമ്മദ് ഇദ്രിസ് പ്രസ്താവനയിൽ വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പുകൾ ഏതെങ്കിലും മതമോ വംശീയ സമൂഹമോ മാത്രം ലക്ഷ്യമിടുന്നില്ലെന്നതാണ് സർക്കാരിന്റെ നിലപാട് എന്നും അദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.