ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങളില്‍ പവര്‍ ബാങ്കിന്റെ ഉപയോഗം നിരോധിച്ചേക്കും. ഞായറാഴ്ച ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി വിമാന താവളത്തില്‍ നിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്കില്‍ നിന്നും തീ ഉയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നീക്കം.
കാബിന്‍ ക്രൂവിന്റെ സമയോചിതമായ ഇടപെടലില്‍ വലിയൊരു അപകടം ഒഴിവായി. എന്നാല്‍, യാത്രക്കാരുടെ പക്കലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് തീ പടരാനുള്ള സാധ്യത ചര്‍ച്ചയായി. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായേക്കാമെന്നും ആശങ്ക ഉയര്‍ന്നു.
ഇതോടെ വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനുള്ള പരിശോധനകള്‍ ഡിജിസിഎ ആരംഭിച്ചു. ഇത്തരം അപകട സാധ്യതകള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കഴിഞ്ഞില്ലെങ്കില്‍ പവര്‍ ബാങ്ക് നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡിസിജിഐയുടെ തീരുമാനം.
വിമാനത്തിനുള്ളിലെ വൈദ്യുതിയുടെ ഉപയോഗം നിയന്ത്രിക്കുകയോ അത്തരം ഉപകരണങ്ങള്‍ കൊണ്ട് വരുന്നത് പൂര്‍ണമായും നിരോധിക്കുകയോ ചെയ്യണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. പുതിയ സുരക്ഷാ നടപടികള്‍ നിര്‍ണയിക്കാനായി രണ്ട് ഏജന്‍സികളും ആലോചനകള്‍ നടത്തുന്നുണ്ട്.
എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഒക്ടോബര്‍ ആദ്യം തന്നെ അവരുടെ എല്ലാ വിമാനങ്ങളിലും പവര്‍ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചു. നിലവില്‍ 100 വാട്ടില്‍ താഴെയുള്ള പവര്‍ ബാങ്കുകള്‍ കൈവശം വയ്ക്കാന്‍ മാത്രമേ യാത്രക്കാര്‍ക്ക് അനുവാദമുള്ളൂ. കൂടാതെ അവ ചാര്‍ജ് ചെയ്യുന്നതും അതുപയോഗിച്ച് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും കര്‍ശനമായി നിരോധിച്ചു.
ഏപ്രിലില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സും സമാന നിരോധനം നടപ്പിലാക്കിയിരുന്നു. കാത്തേ പസഫിക്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുള്‍പ്പെടെ മറ്റ് പല വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് പവര്‍ ബാങ്കുകള്‍ സൂക്ഷിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പവര്‍ ബാങ്കുകളില്‍ ലിഥിയം-അയണ്‍ സെല്ലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഗണ്യമായ അളവില്‍ വൈദ്യുതി സംഭരിച്ച് വച്ച് പിന്നീടുള്ള അവസരങ്ങളില്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുമെങ്കിലും പലപ്പോഴും വേണ്ട പരിശോധനകളോ ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് ഇവ വില്‍ക്കുന്നതെന്ന വിമര്‍ശനമുണ്ട്.
കുറഞ്ഞ നിലവാരമുള്ള പവര്‍ ബാങ്കുകള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ട് സംരക്ഷണം പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ പോലും ഉണ്ടാകണമെന്നില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.