മയക്കുമരുന്ന് കടത്ത്: കരീബിയന്‍ കടലില്‍ യുദ്ധക്കപ്പല്‍ വ്യൂഹം വിന്യസിക്കാന്‍ അമേരിക്ക; യുദ്ധം മെനഞ്ഞുണ്ടാക്കുകയാണെന്ന് വെനസ്വേല

മയക്കുമരുന്ന് കടത്ത്:  കരീബിയന്‍ കടലില്‍ യുദ്ധക്കപ്പല്‍ വ്യൂഹം വിന്യസിക്കാന്‍ അമേരിക്ക; യുദ്ധം മെനഞ്ഞുണ്ടാക്കുകയാണെന്ന് വെനസ്വേല

വാഷിങ്ടണ്‍: കരീബിയന്‍ കടലില്‍ യുദ്ധക്കപ്പല്‍ വ്യൂഹം വിന്യസിക്കാന്‍ അമേരിക്ക. ലാറ്റിനമേരിക്കയിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ നേരിടാനെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ അമേരിക്ക യുദ്ധം മെനഞ്ഞുണ്ടാക്കുകയാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോ ആരോപിച്ചു.

ലോകത്തെ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡിന്റെ നേതൃത്വത്തില്‍ എട്ട് നാവികസേന കപ്പലുകളാണ് അമേരിക്ക കരീബിയന്‍ കടലില്‍ വിന്യസിക്കുന്നത്.

ട്രംപ് സര്‍ക്കാര്‍ അടുത്ത 'നിതാന്ത യുദ്ധത്തിന്' കോപ്പു കൂട്ടുകയാണെന്ന് മഡുറോ ആരോപിച്ചു. ഇനിയൊരു യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്നാണ് അവരുടെ വാഗ്ദാനം. എന്നാല്‍ അവര്‍ ഒരു യുദ്ധം പടച്ചുണ്ടാക്കുകയാണ്. വെനസ്വേല അതിനെ ചെറുക്കാനും പോവുകയാണെന്ന് മഡുറോ പറഞ്ഞു.

ലാറ്റിനമേരിക്കയിലെ മാഫിയകള്‍ ബോട്ടുകളില്‍ മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് സെപ്റ്റംബര്‍ മുതല്‍ കരീബിയനില്‍ ആക്രമണം നടത്തുകയാണ് അമേരിക്ക. ഇതിനോടകം 10 ബോട്ടുകള്‍ തകര്‍ത്തു. ഈ ആക്രമണങ്ങളില്‍ 43 പേര്‍ കൊല്ലപ്പെട്ടു.

ബുധനാഴ്ച രാത്രിയും കരീബിയന്‍ കടലില്‍ ബോട്ട് ആക്രമിച്ച് അമേരിക്ക ആറ് പേരെ കൊലപ്പെടുത്തി. വെനസ്വേലന്‍ മയക്കുമരുന്ന് മാഫിയാ സംഘമായ ട്രെന്‍ ഡി ആരഗ്വയുടെ ബോട്ടാണിതെന്ന് യു.എസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആരോപിച്ചു.

ഇതിന് പിന്നാലെയാണ് കരീബിയനില്‍ കപ്പല്‍വ്യൂഹം വിന്യസിക്കുകയാണെന്ന് അദേഹം അറിയിച്ചത്. മയക്കുമരുന്ന് കടത്തുകാരെ ഭീകര സംഘടനയായ അല്‍ ഖായിദയെ എന്ന പോലെ കൈകാര്യം ചെയ്യുമെന്നും രാവും പകലും പുറകേ നടന്ന് വേട്ടയാടുമെന്നും ഹെഗ്‌സെത്ത് എക്‌സില്‍ കുറിച്ചു.

മയക്കുമരുന്ന് കടത്തിലുള്ള പങ്കിന്റെ പേരില്‍ വെനസ്വേലയ്‌ക്കോ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കോ നേരേ യുദ്ധം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസിന്റെ അനുമതി തനിക്ക് ആവശ്യമില്ലെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു.

മയക്കുമരുന്ന് വേട്ടയുടെ പേരില്‍ ട്രംപ് കൊല നടത്തുകയാന്ന് കുറ്റപ്പെടുത്തിയ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കും ഭാര്യക്കും മകനുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ബ്രസീലിനും ഉപരോധമേര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.