'അമേരിക്ക ഫസ്റ്റ്': 66 അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്ന് അമേരിക്ക പിന്മാറുന്നു

'അമേരിക്ക ഫസ്റ്റ്': 66 അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്ന് അമേരിക്ക പിന്മാറുന്നു

വാഷിങ്ടണ്‍: സുപ്രധാനമായ 66 അന്താരാഷ്ട്ര കൂട്ടായ്മകളില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച് അമേരിക്ക. 'അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായാണ് നീക്കം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

ആഗോള കാലാവസ്ഥാ ഉടമ്പടികള്‍ ഉള്‍പ്പെടെയുള്ള പ്രധാന വിദേശകാര്യ ബന്ധങ്ങളില്‍ നിന്ന് അമേരിക്ക പിന്നോട്ട് പോകുന്നത് ലോക രാജ്യങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട 31 സ്ഥാപനങ്ങളില്‍ നിന്നും ബന്ധമില്ലാത്ത 35 സംഘടനകളില്‍ നിന്നുമാണ് അമേരിക്ക പിന്മാറുന്നത്.

ഐക്യരാഷ്ട്രസഭയുടെ പ്രധാന കാലാവസ്ഥാ ഉടമ്പടി, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍, ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നയിക്കുന്ന ക്ലീന്‍ എനര്‍ജി സംരംഭമായ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ്, അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ പോലുള്ള പ്രമുഖ പാരിസ്ഥിതിക സംഘടനകള്‍ എന്നിവയില്‍ നിന്നടക്കമാണ് പിന്‍മാറ്റം.

അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പല അന്താരാഷ്ട്ര കൂട്ടായ്മകളും അമേരിക്കയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും യു.എസ് മുന്‍ഗണനകളുമായി പൊരുത്തപ്പെടാത്ത ആഗോള അജണ്ടകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ നികുതി ദായകരുടെ പണം അനാവശ്യമായും ഫലപ്രദമല്ലാത്ത രീതിയിലും ചെലവഴിക്കുന്ന ഇത്തരം സംഘടനകള്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് തീരുമാനത്തിന് പിന്നിലെ മറ്റൊരു കാരണം.

അന്താരാഷ്ട്ര സംഘടനകളില്‍ നിന്ന് പിന്‍വലിക്കുന്ന ഫണ്ട് അമേരിക്കയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാണ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ദേശീയ സുരക്ഷ, സാമ്പത്തിക ശക്തി എന്നിവ വര്‍ധിപ്പിക്കുന്നതിനായി ഈ വിഭവങ്ങള്‍ മാറ്റിവെയ്ക്കുമെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.