വാഷിങ്ടണ്‍: ബഹിരാകാശ യാത്രികരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ദൗത്യം വെട്ടിച്ചുരുക്കാന്‍ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ക്രൂ അംഗത്തിന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചതിലും ഒരു മാസം മുമ്പ് നാസ യാത്രികരെ തിരികെ എത്തിക്കും.
രോഗ ബാധിതനായ ബഹിരാകാശ യാത്രികനെയും ഒപ്പമുള്ള മൂന്ന് ക്രൂ അംഗങ്ങളെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദഗ്ധര്‍ക്കൊപ്പം യാത്രികനെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായി വാഷിങ്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ പറഞ്ഞു.
രോഗം ശരിയായി നിര്‍ണയിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലില്ല ക്രൂ 11 ലെ നാല് ക്രൂ അംഗങ്ങളില്‍ ആര്‍ക്കാണ് ആരോഗ്യ പ്രശ്‌നമെന്നോ, എന്ത് അസുഖമാണെന്നോ നാസയുടെ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടില്ല, വ്യക്തിയുടെ സ്വകാര്യതാ മുന്‍നിര്‍ത്തിയാണിതെന്ന് നാസയുടെ ചീഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ ജെയിംസ് പോള്‍ക്ക് പറഞ്ഞു.
ക്രൂ അംഗത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നാസ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം മാറ്റി വച്ചു.
മറ്റു സാഹചര്യങ്ങളെല്ലാം അനുകൂലമാണെങ്കിലും ക്രൂ അംഗങ്ങളുടെ സുരക്ഷയ്ക്കാണ് ഏജന്‍സി പ്രഥമ പരിഗണന നല്‍കുന്നതെന്നും യാത്രികന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും ബഹിരാകാശ നടത്തത്തിന്റെ പുതിയ തിയതിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ഏജന്‍സി വ്യക്തമാക്കി.
യാത്രികരായ മൈക്ക് ഫിങ്കെ, സെന കാര്‍ഡ്മാന്‍ എന്നിവര്‍ 'യു.എസ് സ്പേസ് വാക്ക് 94' നടത്താനാണ് തയ്യാറായിരുന്നത്. 6.5 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ ദൗത്യം രാവിലെ എട്ടിന് ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനായി റോള്‍ ഔട്ട് സോളാര്‍ അറകളുടെ അവസാന ജോഡി സ്ഥാപിക്കുകയെന്നതായിരുന്നു അവരുടെ പ്രധാന ദൗത്യം. 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം നാസ ഒരു ആസൂത്രിത ദൗത്യം വെട്ടിച്ചുരുക്കാന്‍ തീരുമാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.