യു.എസ് വിമാന വാഹിനിക്കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക്; യുദ്ധ സന്നാഹം: ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രം, ആദ്യ വിമാനം ഉടന്‍

യു.എസ് വിമാന വാഹിനിക്കപ്പല്‍ മിഡില്‍ ഈസ്റ്റിലേക്ക്; യുദ്ധ സന്നാഹം: ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രം, ആദ്യ വിമാനം ഉടന്‍

ടെഹ്‌റാന്‍: ഇറാനില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ആദ്യ ഘട്ട ഒഴിപ്പിക്കല്‍ വെള്ളിയാഴ്ച ഉണ്ടായേക്കും.

അമേരിക്ക ആക്രണത്തിന് ഒരുങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടയില്‍ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍കാലികമായി അടച്ചിട്ടിരുന്നു. വ്യോമാതിര്‍ത്തി സിവിലിയന്‍ ഗതാഗതത്തിനായി വീണ്ടും തുറന്നു കൊടുത്തതിനാല്‍ ആദ്യ ഒഴിപ്പിക്കല്‍ വിമാനം നാളെ ടെഹ്‌റാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളോട് വെള്ളിയാഴ്ച രാവിലെ എട്ടിനകം തയ്യാറെടുക്കാന്‍ എംബസി അധികൃതര്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം. ഒഴിപ്പിക്കലിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും വിദ്യാര്‍ഥികളോട് രേഖകള്‍ തയ്യാറാക്കി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങളും പാസ്പോര്‍ട്ടും മറ്റുരേഖകളും ശേഖരിച്ചതായും ജമ്മു കശ്മീര്‍ സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാനില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ഇറാനിയന്‍ റിയാലിന്റെ മൂല്യത്തില്‍ വലിയ ഇടിവുണ്ടായതിനെത്തുടര്‍ന്ന് ഡിസംബര്‍ 28 നാണ് അസ്വസ്ഥതകള്‍ ആരംഭിച്ചത്.

ഇത് പിന്നീട് രാജ്യത്ത് 31 പ്രവിശ്യകളിലേക്ക് വ്യാപിക്കുകയും വലിയ പ്രതിഷേധ പ്രകടനങ്ങളായി മാറുകയും ചെയ്തു. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തലില്‍ കുറഞ്ഞത് 3,428 പേരെങ്കിലും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു. സമീപ ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്.


ഔദ്യോഗിക കണക്കുകള്‍ പ്രകാരം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ നിലവില്‍ ഇറാനില്‍ താമസിക്കുന്നുണ്ട്. ഇറാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ലഭ്യമായ മാര്‍ഗങ്ങളിലൂടെ രാജ്യം വിടാനും ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

അതിനിടെ യു.എസ് വിമാന വാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ ദക്ഷിണ ചൈനാക്കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വിമാന വാഹിനിക്കപ്പലിനെയും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പിനെയും ദക്ഷിണ ചൈനാക്കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ പെന്റഗണ്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് യു.എസ് കേബിള്‍ ന്യൂസ് നെറ്റ് വര്‍ക്കായ ന്യൂസ്‌നേഷനാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കരീബിയന്‍ കടലില്‍ നിലവില്‍ 12 അമേരിക്കന്‍ യുദ്ധക്കപ്പലുകളുണ്ടെന്നും മിഡില്‍ ഈസ്റ്റില്‍ ആറെണ്ണമാണുള്ളതെന്നും യു.എസ് നാവികസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ നാവിക സേനയുടെ അഞ്ചാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാന വാഹിനിക്കപ്പലാണ് യു.എസ്.എസ് എബ്രഹാം ലിങ്കണ്‍. ഏകദേശം 1,04,300 ടണ്‍ ഭാരവും 1,092 അടി നീളവുമുള്ള ഈ കപ്പല്‍ രണ്ട് ആണവ റിയാക്ടറുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

30 നോട്ടിന് മുകളില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഇതിന് 20 മുതല്‍ 25 വര്‍ഷം വരെ തുടര്‍ച്ചയായി ഇന്ധനം നിറയ്ക്കാതെ പ്രവര്‍ത്തിക്കാനാകും. കപ്പലില്‍ ഏകദേശം 5,600 ഓളം ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 2024 ഓഗസ്റ്റില്‍ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കപ്പെട്ടിരുന്നു. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ സമയത്ത് ഇസ്രയേലിന്റെ സുരക്ഷയൊരുക്കാനാണ് കപ്പലിനെ അന്ന് വിന്യസിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.