ദേശീയ ഗാനം പാടിയില്ല; നയപ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്‌നാട് നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ഇറങ്ങിപ്പോയി

ദേശീയ ഗാനം പാടിയില്ല; നയപ്രഖ്യാപന പ്രസംഗം നടത്താതെ തമിഴ്‌നാട് നിയമസഭയില്‍ നിന്ന്  ഗവര്‍ണര്‍ ഇറങ്ങിപ്പോയി

ചെന്നൈ: നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി ദേശീയ ഗാനം അവതരിപ്പിക്കണമെന്ന നിര്‍ദേശം തമിഴ്നാട് സര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്താതെ നിയമസഭ വിട്ടു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ സംസ്ഥാന ഗാനത്തോടൊപ്പം ദേശീയ ഗാനം ആലപിക്കണമെന്നായിരുന്നു തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നിലപാട്.

ദേശീയ ഗാനം വീണ്ടും അനാദരിക്കപ്പെട്ടെന്നും ഭരണഘടനാപരമായ കടമ അവഗണിക്കപ്പെട്ടെന്നും പിന്നീട് ആര്‍.എന്‍. രവി പറഞ്ഞു. ഗവര്‍ണറുടെ ഇറങ്ങിപ്പോക്കിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് തമിഴ്‌നാട് ലോക് ഭവന്‍ നടത്തിയ പ്രസ്താവനയില്‍ ഗവര്‍ണറുടെ മൈക്ക് ആവര്‍ത്തിച്ച് ഓഫാക്കുകയും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണമുണ്ട്.

ഗവര്‍ണറും ഡിഎംകെ സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയ തര്‍ക്കത്തിന്റെ ഏറ്റവും അവസാന രംഗത്തിനാണ് ഇന്ന് തമിഴ്‌നാട് നിയമസഭ വേദിയായത്. പ്രോട്ടോകോള്‍ അനുസരിച്ച് നിയമസഭയില്‍ ആദ്യത്തെ പ്രസംഗം നടത്തേണ്ടിയിരുന്നത് ഗവര്‍ണറായിരുന്നു.

എങ്കിലും സംസ്ഥാന ഗാനം ആലപിച്ചതിന് ശേഷം ആശയക്കുഴപ്പം ഉടലെടുക്കുകയും തമിഴില്‍ ഹ്രസ്വമായ അഭിവാദ്യം നല്‍കിയ ശേഷം ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

നയപ്രഖ്യാപനത്തില്‍ തെളിവില്ലാത്ത അവകാശ വാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും അടങ്ങിയിരിക്കുന്നുവെന്നും ജനങ്ങളെ അലട്ടുന്ന പല പ്രധാന പ്രശ്നങ്ങളും അവഗണിക്കപ്പെട്ടെന്നും ലോക്ഭവന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

'സംസ്ഥാനം 12 ലക്ഷം കോടി രൂപയുടെ വലിയ നിക്ഷേപം ആകര്‍ഷിച്ചു എന്ന അവകാശവാദം സത്യത്തില്‍ നിന്ന് വളരെ അകലെയാണ്. നിക്ഷേപകരുമായുള്ള പല ധാരണാപത്രങ്ങളും കടലാസില്‍ മാത്രം ഒതുങ്ങുന്നു. യഥാര്‍ത്ഥ നിക്ഷേപം ഇതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്.

നിക്ഷേപ ഡാറ്റ അനുസരിച്ച് തമിഴ്‌നാട് നിക്ഷേപകര്‍ക്ക് ആകര്‍ഷകമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. നാല് വര്‍ഷം മുമ്പ് വരെ സംസ്ഥാനങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതില്‍ തമിഴ്‌നാട് നാലാം സ്ഥാനത്തായിരുന്നു. ഇന്ന്, ഇത് ആറാം സ്ഥാനമെങ്കിലും നിലനിര്‍ത്താന്‍ പാടുപെടുകയാണ്'- ലോക്ഭവന്റെ പ്രസ്താവനയില്‍ പറയുന്നു.

സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ ട്രസ്റ്റി ബോര്‍ഡ് ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഭരിക്കുകയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പഴക്കം ചെന്ന ക്ഷേത്രങ്ങളുടെ പുനസ്ഥാപനത്തെയും സംരക്ഷണത്തെയും സംബന്ധിച്ച മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നിര്‍ദേശങ്ങള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ലെന്നും നിയമസഭയില്‍ നിന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി ഇറങ്ങിപ്പോയതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.