ഇത് ബിജെപിയുടെ 'വിസ്മയം'; ട്വന്റി 20 എന്‍ഡിഎയില്‍

ഇത് ബിജെപിയുടെ 'വിസ്മയം'; ട്വന്റി 20 എന്‍ഡിഎയില്‍

തിരുവനന്തപുരം: കിറ്റക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന്റെയും സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തലസ്ഥാനത്ത് എത്താന്‍ ഇരിക്കവെയാണ് നിര്‍ണായക നീക്കം. ട്വന്റി 20 രൂപീകരണത്തിന് ശേഷം ഇതാദ്യമായിട്ടാണ് പാര്‍ട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്.

നിലവില്‍ നാല് ഗ്രാമപഞ്ചായത്തുകള്‍ ട്വന്റി 20 ഭരിക്കുന്നുണ്ട്. രണ്ട് ഗ്രാമപഞ്ചായത്തുകളില്‍ പ്രതിപക്ഷ സ്ഥാനത്തുമുണ്ട്. ആകെ 89 ജനപ്രതിനിധികളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐക്കരനാട് തൂത്തുവാരിയെങ്കിലും കിഴക്കമ്പലത്ത് ട്വന്റി 20 ക്ക് തിരിച്ചടി നേരിട്ടിരുന്നു. മാത്രമല്ല, ഭരണത്തിലുണ്ടായിരുന്ന കുന്നത്തുനാടും മഴുവന്നൂരും നഷ്ടപ്പെട്ടു. തിരുവാണിയൂരില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിച്ചു.

പാര്‍ട്ടിയെ സംബന്ധിച്ച് ഒരുപാട് നിര്‍ണായകമായ തീരുമാനമാണിതെന്നും ആലോചിച്ച് കൈകൊണ്ടതാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ചതും നാട് നശിപ്പിച്ചതും കണ്ട് മനംമടുത്തിട്ടാണ് രാഷ്ട്രീയത്തിലേയ്ക്ക് വന്നതും ട്വന്റി 20 എന്ന പാര്‍ട്ടി രൂപീകരിച്ചതും.

പതിനാല് വര്‍ഷമായി കേരളത്തിന്റെ വികസനത്തിനായി മാതൃകാപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നു. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തില്‍ ഒറ്റയ്ക്ക് നിന്നു കഴിഞ്ഞാല്‍ അത് എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയുണ്ടായിരുന്നു. തകര്‍ക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായി ട്വന്റി 20 വളര്‍ന്നു.

ഞങ്ങളെ ഇല്ലാതാക്കണമെന്ന് വിചാരിച്ചവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ കേരളത്തെ എങ്ങനെ മാറ്റിയെടുക്കുമെന്ന് കാട്ടിക്കൊടുക്കണം. അതിനായി ആലോചിച്ചെടുത്ത തീരുമാനമാണ് എന്‍ഡിഎയുടെ വികസന കാഴ്ചപ്പാടിനൊപ്പം നിന്ന് കേരളത്തെ മാറ്റിയെടുക്കുക എന്നത് ദൗത്യം ഏറ്റെടുക്കുക എന്നതെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.

ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമായതില്‍ സന്തോഷമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമാകുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.