പശ്ചിമേഷ്യയിലെ സമാധാനം: ഇന്ന് ഒമാനില്‍ നടക്കുന്ന യു.എസ്-ഇറാന്‍ ചര്‍ച്ച നിര്‍ണായകമാകും; ഖൊമേനിക്ക് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയിലെ സമാധാനം: ഇന്ന് ഒമാനില്‍ നടക്കുന്ന യു.എസ്-ഇറാന്‍ ചര്‍ച്ച നിര്‍ണായകമാകും; ഖൊമേനിക്ക് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പ്

മസ്‌കറ്റ്: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ന് നടക്കുന്ന യു.എസ്-ഇറാന്‍ ചര്‍ച്ച നിര്‍ണായകമാകും. ഒമാനില്‍ നടക്കുന്ന ചര്‍ച്ചയില്‍ അമേരിക്കയിലും ഇറാനില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയതും ആണവ നിര്‍വ്യാപന കറാറുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കവുമാണ് അമേരിക്ക ഇറാനെതിരെ തിരിയാനുള്ള പ്രധാന കാരണങ്ങള്‍.

ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമ്പോഴും നിലപാടുകളിലെ സമവായ സാധ്യത ഏറെ വിദൂരത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ ആണവ പദ്ധതി മരവിപ്പിക്കണം, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഉപേക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ട് വയ്ക്കുന്നത്.

ഇതിന് പുറമെ ഇറാന്റെ പക്കലുള്ള ബാലിസ്റ്റിക് മിസൈലുകള്‍, പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ, പൗരന്മാരോടുള്ള പെരുമാറ്റം എന്നിവയും ചര്‍ച്ചയുടെ ഭാഗമാക്കണം എന്നാണ് യു.എസ് നിലപാട്. എന്നാല്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് മാത്രമായിരിക്കും ചര്‍ച്ചയെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്.

ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയെ ലക്ഷ്യമിട്ട് വീണ്ടും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഖൊമേനി വളരെ ആശങ്കപ്പെടേണ്ടതുണ്ടെന്നാണ് ട്രംപിന്റെ പുതിയ പ്രതികരണം.

എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ കര്‍ക്കശമായ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഇറാനെ ലക്ഷ്യമാക്കി എത്തിയ അമേരിക്കന്‍ പടക്കപ്പല്‍ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തു വിട്ടു. ഏത് സമയത്തും കൃത്യ സ്ഥലത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതിന് ശേഷിയുള്ളവരാണ് കപ്പലിലുള്ളവരെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.