മോസ്‌കോ: റഷ്യയുടെ ആകാശത്ത് ഒരേ സമയം നാല് ചന്ദ്രന്‍മാര്‍ പ്രത്യക്ഷപ്പെട്ടത് അമ്പരപ്പും വിസ്മയവും ഉളവാക്കി. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ജനുവരി 31 ന് കണ്ട ഈ അത്യപൂര്‍വ അത്ഭുത കാഴ്ചയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പ്രകൃതിയുടെ സ്വാഭാവികമായ 'പാരാസെലീന്‍' എന്ന പ്രതിഭാസമാണ് ആകാശത്തിലെ അത്ഭുത കാഴ്ചയ്ക്ക് കാരണം. ഒരൊറ്റ ചന്ദ്രന്‍ നാല് ചന്ദ്രന്‍മാരായി കാണപ്പെടുന്നു. അവിടുത്തെ കാലാവസ്ഥയാണ് ഇതിന് കാരണം.
സാധാരണയായി ശൈത്യകാലത്ത് സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് പാരാസെലീന്‍. റഷ്യയില്‍ ഇപ്പോള്‍ കടുത്ത തണുപ്പാണ്. അതിനാല്‍ അന്തരീക്ഷത്തിലെ ജലാംശം തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറിയിരിക്കുന്നു.
ഇവ വളരെ നേര്‍ത്ത പാളിയായതിനാല്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് എളുപ്പത്തില്‍ കാണാന്‍ കഴിയില്ല. ഇങ്ങനെയുള്ള കാലാവസ്ഥയില്‍ ചന്ദ്ര രശ്മികള്‍ കടന്നു പോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്.
അന്തരീക്ഷത്തിലെ ഷഡ്ഭുജാകൃതിയിലുള്ള ഐസ് ക്രിസ്റ്റലുകളിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍, അതിന്റെ കോണുകള്‍ക്കനുസരിച്ച് പ്രകാശത്തെ വളയ്ക്കുന്നു. ഇത് ചന്ദ്രന് സമീപം അതേ ഉയരത്തില്‍ ചന്ദ്രനെപ്പോലെ തിളങ്ങുന്ന ഒരു ബിന്ദു സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി, യഥാര്‍ത്ഥ ചന്ദ്രനോടൊപ്പം മറ്റ് ചന്ദ്രന്മാരെയും കാണാന്‍ സാധിക്കുന്നു.
ഇത്തരം അപൂര്‍വ പ്രതിഭാസങ്ങളില്‍ സാധാരണയായി രണ്ട് ചന്ദ്രന്മാരെയാണ് കാണാറുള്ളത്. ചിലപ്പോള്‍ രണ്ടില്‍ കൂടുതല്‍ ചന്ദ്രന്മാരും ഉണ്ടാകാം. ഇതു തന്നെയാണ് റഷ്യയില്‍ ഇപ്പോള്‍ സംഭവിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ കാരണത്താല്‍ റഷ്യക്കാര്‍ക്ക് രാവിലെ രണ്ട് സൂര്യന്‍മാരെയും കാണാന്‍ കഴിഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.