ഇറാനില്‍ നിന്ന് പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിമാനങ്ങള്‍ സ്വയം തകര്‍ത്ത് അമേരിക്ക; തങ്ങള്‍ വെടിവെച്ചിട്ടതാണെന്ന് ഐആര്‍ജിസി

ഇറാനില്‍ നിന്ന് പൈലറ്റിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് വിമാനങ്ങള്‍ സ്വയം തകര്‍ത്ത് അമേരിക്ക;  തങ്ങള്‍ വെടിവെച്ചിട്ടതാണെന്ന് ഐആര്‍ജിസി

വാഷിങ്ടണ്‍: ഇറാന്‍ വെടിവെച്ചിട്ട എഫ് 15 ഇ യുദ്ധ വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയത് കോടികള്‍ വില വരുന്ന രണ്ട് എംസി 130 ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളും അത്യാധുനിക ആയുധങ്ങളും സ്വയം തകര്‍ത്ത്.

വിമാനങ്ങളും അതിലുള്ള അത്യാധുനിക ആയുധങ്ങളും ശത്രുക്കളുടെ കൈകളില്‍ എത്താതിരിക്കാനാണ് അമേരിക്ക സ്വന്തം വിമാനങ്ങള്‍ ശത്രു രാജ്യത്ത് വച്ചുതന്നെ നശിപ്പിച്ചത്. ദൗത്യത്തിനിടെ രണ്ട് എംസി 130 ജെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ സാങ്കേതിക കാരണങ്ങളാല്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് അവ സ്‌ഫോടനത്തിലൂടെ നശിപ്പിക്കുകയായിരുന്നു.

ഇറാനില്‍ നിന്ന് പിന്‍വാങ്ങുന്നതിനിടെ ഈ വിമാനങ്ങള്‍ നശിപ്പിക്കാന്‍ സൈന്യം നിര്‍ബന്ധിതരായതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അമേരിക്കന്‍ വിമാനങ്ങള്‍ തങ്ങള്‍ വെടിവെച്ചിട്ടതായാണ് ഇറാന്റെ അവകാശവാദം.

കൂടുതല്‍ അമേരിക്കന്‍ വിമാനങ്ങള്‍ ദൗത്യത്തിനിടെ തകര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് ഇറാന്റെ ഇസ്ളാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അവകാശപ്പെടുന്നു. ഒരു സി 130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തങ്ങള്‍ വെടിവെച്ചിട്ടതായാണ് ഇറാന്റെ അവകാശവാദം.

അതിസാഹസികമായ രാത്രികാല ദൗത്യത്തിലൂടെയാണ് ശത്രുരാജ്യത്തിന്റെ മണ്ണില്‍ അകപ്പെട്ടുപോയ കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥനെ അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയത്. അതീവ രഹസ്യമായ നീക്കമായിരുന്നു നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത എഫ് 15 ഇ യുദ്ധ വിമാനത്തിലുണ്ടായിരുന്ന വെപ്പണ്‍സ് സിസ്റ്റം ഓഫീസറും സഹ പൈലറ്റുമായ ഉദ്യോഗസ്ഥനെയാണ് ഇപ്പോള്‍ രക്ഷപ്പെടുത്തിയത്. പൈലറ്റിനെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു.

ഇറാന്റെ ദുര്‍ഘടമായ പര്‍വതനിരകളില്‍ നിന്നാണ് സഹ പൈലറ്റിനെ കണ്ടെത്തിയതെന്നും ഇത്തരത്തില്‍ രണ്ട് പൈലറ്റുമാരെ വെവ്വേറെ രക്ഷപ്പെടുത്തുന്നത് സൈനിക ചരിത്രത്തില്‍ ഇതാദ്യമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

രക്ഷപ്പെടുത്തിയ കേണലിന് പരിക്കേറ്റെങ്കിലും അദേഹം സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദൗത്യത്തിനായി മാരകമായ ആയുധങ്ങള്‍ ഘടിപ്പിച്ച ഡസന്‍ കണക്കിന് വിമാനങ്ങളാണ് അമേരിക്ക അയച്ചിരുന്നതെന്ന് ട്രംപ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.