ജനീവ ചര്‍ച്ച നിര്‍ണായകം; ആണവക്കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനുമേല്‍ യു.എസ് സൈനിക നടപടിക്ക് സാധ്യതയേറി

ജനീവ ചര്‍ച്ച നിര്‍ണായകം;  ആണവക്കരാറില്‍ എത്തിയില്ലെങ്കില്‍  ഇറാനുമേല്‍ യു.എസ് സൈനിക നടപടിക്ക് സാധ്യതയേറി

ജനീവ: ആണവ നിര്‍വ്യാപനം സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചയുടെ രണ്ടാം ഘട്ടം ഇന്ന് ജനീവയില്‍ നടക്കും.

ചര്‍ച്ചയ്ക്കായി ജനീവയിലെത്തിയ ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ.) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. അമേരിക്കയുമായി നീതിപൂര്‍വവും സന്തുലിതവുമായ കരാറുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു.

ആണവക്കരാര്‍ സാധ്യമായില്ലെങ്കില്‍ ഇറാനുമേല്‍ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. ഇറാനില്‍ സൈനിക നടപടിക്ക് യു.എസ് സൈന്യം സജ്ജമാവുകയാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഇറാന്‍ തീരത്ത് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കണ്‍ എന്ന വിമാന വാഹിനിക്ക് പുറമേ ഏറ്റവും വലിയ വിമാന വാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡിനെയും പശ്ചിമേഷ്യയില്‍ വിന്യസിക്കാന്‍ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്ക സമ്മര്‍ദ തന്ത്രം ശക്തമാക്കുന്ന സാഹചര്യത്തില്‍ ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് തിങ്കളാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ സൈനികാഭ്യാസം തുടങ്ങി.

അതിനിടെ ഇറാനുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്താന്‍ അമേരിക്ക തയ്യാറായാല്‍ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാന്‍ പറഞ്ഞിരുന്നു. 60 ശതമാനം പരിശുദ്ധിയില്‍ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് ഐ.എ.ഇ.എയ പറയുന്നത്.

ആണവായുധമുണ്ടാക്കാന്‍ 90 ശതമാനം പരിശുദ്ധിയില്‍ യുറേനിയം സമ്പുഷ്ടീകരിക്കണം. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമ്പുഷ്ടീകരണമേ നടത്തുന്നുള്ളൂവെന്നാണ് ഇറാന്‍ പറയുന്നത്. ഇറാന്‍ ഉടന്‍ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചിരുന്നു. അന്ന് ഇറാന്റെ മൂന്ന് തന്ത്രപ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകളിടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.