വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി നികുതികള്‍ നിയമ വിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ച സാഹചര്യത്തില്‍ അവ പിരിക്കുന്നത് നിര്‍ത്തലാക്കാന്‍ ഭരണകൂടം തീരുമാനിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12:01 മുതല്‍ ഈ നികുതി പിരിക്കല്‍ നിര്‍ത്തലാക്കുമെന്ന് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഔദ്യോഗികമായി അറിയിച്ചു. 1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ഉപയോഗിച്ച് നികുതി ചുമത്താന്‍ ട്രംപിന് നിയമപരമായ അധികാരമില്ലെന്ന അമേരിക്കയിലെ പരമോന്നത നീതി പീഠത്തിന്റെ വിധിയെ തുടര്‍ന്നാണ് ഈ നടപടി.
കോടതി വിധിയിലൂടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പ്രതിദിനം അധികമായി ലഭിച്ചുകൊണ്ടിരുന്ന അഞ്ച് കോടി ഡോളറിലധികം വരുമാനം നിലയ്ക്കും. മാത്രമല്ല, ഏകദേശം 17,500 കോടി ഡോളറിലധികം നികുതി വരുമാനം ഇറക്കുമതിക്കാര്‍ക്ക് തിരികെ നല്‍കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്നത്.
ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ് വാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയെയും ആഗോള ഉല്‍പാദന വിതരണ ശൃംഖലയെയും ഈ വിധി നേരിട്ട് ബാധിക്കും.
കോടതി വിധിയുണ്ടായതിന് പിന്നാലെ തന്നെ ട്രംപ് 15 ശതമാനം പുതിയ ആഗോള ഇറക്കുമതി നികുതി പ്രഖ്യാപിച്ചു. ആദ്യം 10 ശതമാനമായി നിശ്ചയിച്ച ഈ പുതിയ നികുതി പിന്നീട് അപ്രതീക്ഷിതമായി 15 ശതമാനമായി ഉയര്‍ത്തുകയായിരുന്നു.
അമേരിക്കന്‍ വ്യാപാര നിയമത്തിലെ ഇതുവരെ പരീക്ഷിക്കപ്പെടാത്ത 'സെക്ഷന്‍ 122' എന്ന വകുപ്പ് ഉപയോഗിച്ചാണ് പുതിയ നികുതി നടപ്പിലാക്കുന്നത്. ഈ വകുപ്പ് പ്രകാരം ചുമത്തുന്ന നികുതി 150 ദിവസത്തിലധികം തുടരണമെങ്കില്‍ യു.എസ് കോണ്‍ഗ്രസിന്റെ അനുമതി നിര്‍ബന്ധമാണ്.
അതേസമയം ഈ നികുതി പിരിക്കുമോയെന്ന കാര്യം കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വ്യക്തമാക്കിയിട്ടില്ല. പുതിയ സംഭവ വികാസങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുകയാണ്.
തീരുവയില്‍ സുപ്രീം കോടതി വിലക്കിട്ടതോടെ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന ഇന്ത്യ-യു.എസ് യോഗത്തില്‍ ഇന്ത്യ പങ്കെടുക്കില്ല. കരാറിന്റെ നിയമവശങ്ങള്‍ പരിശോധിക്കാനായി മൂന്ന് ദിവസത്തെ യോഗമാണ് അമേരിക്കയില്‍ നിശ്ചയിച്ചിരുന്നത്. തീരുവയില്‍ അമേരിക്കയുടെ തുടര്‍ നിലപാട് നിരീക്ഷിച്ചാകും ഇനിയുള്ള നീക്കമെന്നാണ് വാണിജ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
തീരുവ 15 ശതമാനമാക്കിയ സാഹചര്യത്തില്‍ ഇടക്കാല വ്യപാര കരാറിന്റെ പരിഗണന വിഷയങ്ങളില്‍ മാറ്റം വരാന്‍ സാധ്യയുണ്ട്. മാര്‍ച്ചില്‍ ഇടക്കാല കരാര്‍ ഒപ്പിടുമെന്നും ഏപ്രില്‍ മുതല്‍ കരാര്‍ പ്രബല്യത്തില്‍ വരുമെന്നുമാണ് നിലവില്‍ വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.