ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഇന്ന് കൂടിക്കാഴ്ച നടത്തും. സഭയുടെ ഇന്ത്യയിലെ തലവന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും പങ്കെടുക്കും.
ഓര്‍ത്തഡോക്‌സ് സഭ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്നാണ് സൂചന. തങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബന്ധപ്പെട്ടിട്ടില്ലെന്ന് സഭാ അധികൃതര്‍ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി താല്‍പര്യപ്പെട്ടതിനാല്‍ ഓസ്ട്രേലിയന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് പാത്രിയര്‍ക്കീസ് ബാവ ഡല്‍ഹിയിലെത്തുന്നതെന്ന് യാക്കോബായ സഭാ വൃത്തങ്ങള്‍ അറിയിച്ചു.
എന്‍.ഡി.എ മുന്നണിയില്‍ അംഗമായ ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് മുന്‍കൈയെടുത്താണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച നടക്കുന്നത്. സഭാ തര്‍ക്ക പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി സാബു എം. ജേക്കബ് മാര്‍ മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി ചര്‍ച്ച നടത്തിയിരുന്നു.
യാക്കോബായ സഭയുടെ കാതോലിക്കാ ബാവയുമായും അദേഹം ആശയ വിനിമയം നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിങ് കമ്മിറ്റിയും ചര്‍ച്ച ചെയ്തു.
യാക്കോബായ സഭാംഗം കൂടിയായ സാബു ജേക്കബ് എന്‍ഡിഎയിലേക്ക് വന്നത് എറണാകുളം ജില്ലയില്‍ ബിജെപിയുടെ വേരോട്ടത്തിന് സഹായകരമാകുമെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പി.എസ്. ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായിരുന്നപ്പോള്‍ ഇരുസഭാ വിഭാഗം തലവന്മാരെയും കണ്ട് സമവായ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ശ്രമം മുന്നോട്ടു പോയില്ല.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയ്‌ക്കേ തയ്യാറുള്ളൂവെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. യോജിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പള്ളികളിലെ ഭൂരിപക്ഷം നോക്കി സഹോദര സഭകളായി പിരിയാമെന്നാണ് യാക്കോബായ സഭയുടെ നിലപാട്.
വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായിരുന്നു സുപ്രീം കോടതി വിധി. ഇതിനെതിരേ യാക്കോബായ സഭ നല്‍കിയ ഹര്‍ജിയില്‍ വിധി എല്ലാ പള്ളികള്‍ക്കും ബാധകമാണോയെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.