ഒഡീഷയിൽ ഭീഷണിപ്പെടുത്തി ദേവാലയം അടപ്പിച്ചു; അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി 'കൊപേന' സംഭവം

ഒഡീഷയിൽ ഭീഷണിപ്പെടുത്തി ദേവാലയം അടപ്പിച്ചു; അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി 'കൊപേന' സംഭവം

ഭുവനേശ്വർ: ഒഡീഷയിലെ നബരംഗ്പുർ ജില്ലയിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ ഭീഷണിയെത്തുടർന്ന് ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടിച്ച സംഭവം വിവാദമാകുന്നു. കൊപേന ഗ്രാമത്തിൽ മുപ്പതോളം കുടുംബങ്ങൾ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന പള്ളിയാണ് അടപ്പിച്ചത്. ഈ സംഭവം അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്തതോടെ വിഷയം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ആഴ്ചകൾക്ക് മുൻപ് നടന്ന സംഭവത്തിൽ പള്ളി പൂട്ടുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച രണ്ട് ക്രൈസ്തവ യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായതായി പരാതിയുണ്ട്. ഗ്രാമവാസികളുടെ കൂട്ടായ തീരുമാനപ്രകാരമാണ് പള്ളി അടച്ചതെന്ന് പൊലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചതാണെന്ന് പ്രാദേശിക ക്രൈസ്തവ കുടുംബങ്ങൾ ആരോപിക്കുന്നു.

ദേവാലയം സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്നും ഉടമസ്ഥാവകാശ തർക്കമാണ് നടപടിക്ക് കാരണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. എന്നാൽ 2007 ൽ നിയമപരമായി വാങ്ങിയ ഭൂമിയിലാണ് പള്ളി നിർമ്മിച്ചതെന്ന് ദേവാലയത്തിലെ പാസ്റ്റർ വ്യക്തമാക്കി. വർഷങ്ങളായി ഇവിടെ ആരാധന നടന്നു വരികയായിരുന്നുവെന്നും ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

മതപരമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് നിയമപരമായി പരിഹരിക്കുന്നതിന് പകരം സംഘടനകൾ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ആഗോളതലത്തിൽ ഇന്ത്യയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.