വന്യജീവി വാരാചരണം

വന്യജീവി വാരാചരണം

തിരുവനന്തപുരം  : വനം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിനാരംഭിച്ച വന്യജീവിവാരാചരണത്തിന് സമാപനമായി. വനംവകുപ്പ് ആസ്ഥാനത്ത്  നടന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ സമാപനച്ചടങ്ങ്  ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ മികച്ച ജൈവവൈവിധ്യ മേഖലകളിലൊന്നാണ് കേരളമെന്നും വന-വന്യജീവി സംരക്ഷണത്തിൽ സംസ്ഥാന വനംവകുപ്പിൻ്റെ പ്രവർത്തനം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ജനസാന്ദ്രത കൂടുതലാണെങ്കിലും ജൈവവൈവിധ്യ സംരക്ഷണത്തിൽ കേരളം കാട്ടുന്ന അർപ്പണബോധം ശ്ലാഘനീയമാണ്. സാമൂഹിക, സാംസ്കാരിക മേഖലയിലെ നേട്ടങ്ങൾക്കൊപ്പം വിലയിരുത്താവുന്നതാണ് വനസംരക്ഷണ പ്രവർത്തനങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുടേയും പറമ്പിക്കുളം ടൈഗർ റിസർവ്വിൻ്റെ നവീകരിച്ച വെബ്സൈറ്റിൻ്റെയും പ്രകാശനവും അദ്ദേഹം ഓൺലൈനിലൂടെ നിർവ്വഹിച്ചു. 

മുഖ്യവനംമേധാവി പി.കെ.കേശവന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്കുമാർ സിൻഹ മുഖ്യപ്രഭാഷണം നടത്തി. ഭൂവിസ്തൃതിയുടെ 29 ശതമാനത്തോളം വനഭൂമിയായി കാത്തു സൂക്ഷിക്കുകയും വന്യജീവി സംരക്ഷണത്തിൻ വിജയമാതൃകൾ സൃഷ്ടിക്കുകയും ചെയ്യുന്ന വനംവകുപ്പ് പ്രശംസയർഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.

വന്യജീവിവാരാചരണടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ മത്സരങ്ങളുടെ ഫലങ്ങൾ വൈൽഡ് ലൈഫ് എഡ്യൂക്കേഷൻ ഡെ.ഡയറക്ടർ റെനി പിള്ള ചടങ്ങില്‍ പ്രഖ്യാപിച്ചു. പാമ്പുകളുടെ സംരക്ഷണം സംബന്ധിച്ച വിഷയത്തിൽ ഗ്ലോബൽ സ്നേക്ക് ബൈറ്റ് ഇനിഷേറ്റീവ് പ്രോജക്ട് മാനേജർ(ഇൻഡ്യ) റോമുലസ് വിറ്റേക്കർ ലഘുപ്രഭാഷണം നടത്തി.  ചടങ്ങിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ സ്വാഗതവും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ നന്ദിയും പറഞ്ഞു.

സമാപനച്ചടങ്ങുകൾ വനം വകുപ്പിൻ്റെ യൂടൂബ് ചാനലിൽ തത്സമയം പ്രക്ഷേപണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലൂടെയാണ് ഇത്തവണത്തെ വന്യജീവി വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.