ഗൂഗിള്‍ പേ പോക്കറ്റ് മണി തട്ടിപ്പോ? പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത് ?

ഗൂഗിള്‍ പേ പോക്കറ്റ് മണി തട്ടിപ്പോ? പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥയെന്ത് ?

ന്യൂഡല്‍ഹി: ഇന്ത്യയിലാകമാനം സ്വീകാര്യത നേടിയ സംവിധാനമാണ് യുപിഐ പേമെന്റ് സേവനം. യുപിഐ പേമെന്റ് ആപ്പുകളില്‍ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിള്‍ പേ. അടുത്തിടെ ഗൂഗിള്‍ പേ അവതരിപ്പിച്ച ഫീച്ചറാണ് പോക്കറ്റ് മണി. ഇതുമായി ബന്ധപ്പെട്ട് ഒരു വ്യാജ സന്ദേശം ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ പോക്കറ്റ് മണി സേവനം തട്ടിപ്പാണെന്നും അതിന്റെ ഐക്കണില്‍ തൊട്ടാല്‍ ഉടന്‍ പണം നഷ്ടമാകുമെന്നും അത് ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്ന മലയാളത്തിലുള്ള ഒരു ശബ്ദ സന്ദേശമാണ് പ്രചരിക്കുന്നത്. ഇത് ആരാണ് അയച്ചതെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ ഐഡി ഇല്ലാത്തവര്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്തുന്നതിനായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഭീം പേമെന്റ് ആപ്പില്‍ യുപിഐ സര്‍ക്കിള്‍ ഫുള്‍ ഡെലിഗേഷന്‍ എന്ന സംവിധാനം അവതരിപ്പിച്ചിരുന്നു. ഈ സംവിധാനം അടിസ്ഥാനമാക്കി ഗൂഗിള്‍ പേ അവതരിപ്പിച്ച ഫീച്ചറാണ് പോക്കറ്റ് മണി. അതായത് ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് ഇതുവഴി ഇടപാട് നടത്താനാവും.

പ്രധാനമായും കുട്ടികള്‍ക്ക് അവരുടെ പഠന ചെലവുകള്‍ക്ക് ആവശ്യമായ പണം നല്‍കാനും ഇടപാടുകള്‍ നടത്താനും ഇതുവഴി സാധിക്കും. ബന്ധുക്കള്‍ക്കും വിശ്വസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ഈ രീതിയില്‍ ഇടപാട് നടത്താനുള്ള അനുമതി അക്കൗണ്ട് ഉടമയ്ക്ക് നല്‍കാം.

രണ്ട് രീതിയില്‍ ഇടപാട് നടത്താം

മുന്‍കൂട്ടി അനുമതി നല്‍കുക: ഒരു നിശ്ചിത തുക പരിധിയായി നിശ്ചയിച്ചു നല്‍കുന്നു. 15000 രൂപ വരെ നല്‍കാം. അതിനുള്ളില്‍ എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് പരിധി നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്ന് അവര്‍ക്ക് ഓരോ തവണയും നിങ്ങളോട് ചോദിക്കാതെ തന്നെ പണം നല്‍കാം. എന്നാല്‍ ഒരു തവണ പരമാവധി 5000 വരെ മാത്രമേ ഇങ്ങനെ അയക്കാന്‍ കഴിയൂ.

ഓരോ തവണയും അനുമതി ആവശ്യം: സെക്കന്‍ഡറി യൂസര്‍ ഒരു പേയ്മെന്റ് നടത്തുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷന്‍ വരും. നിങ്ങള്‍ അത് അംഗീകരിച്ചാല്‍ മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടുകയുള്ളൂ.

പോക്കറ്റ് മണി തട്ടിപ്പോ?

ഇത് തട്ടിപ്പാണെന്ന അവകാശ വാദം ശരിയല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ആരോപിക്കുന്നയാള്‍ക്ക് എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടാവാം. ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഐക്കണില്‍ ആദ്യമായി ടാപ്പ് ചെയ്യുന്നവര്‍ക്ക് അതില്‍ സെക്കന്‍ഡറി യൂസറെ ചേര്‍ക്കുന്നതിനുള്ള ഓപ്ഷനുകള്‍ മാത്രമാണ് കാണുക. ആ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മാത്രമേ നിങ്ങള്‍ നിശ്ചയിക്കുന്നയാള്‍ക്ക് ഇടപാടുകള്‍ നടത്താനാവൂ. അല്ലാത്തപക്ഷം പണം നഷ്ടപ്പെടാന്‍ സാധ്യതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.