വ്യാജ പോസ്റ്റുകള്‍ക്കും എഐ ഉള്ളടക്കങ്ങള്‍ക്കും പൂട്ട്: വരുമാന പങ്കിടല്‍ രീതിയില്‍ വന്‍ മാറ്റവുമായി എക്‌സ്

വ്യാജ പോസ്റ്റുകള്‍ക്കും എഐ ഉള്ളടക്കങ്ങള്‍ക്കും പൂട്ട്: വരുമാന പങ്കിടല്‍ രീതിയില്‍ വന്‍ മാറ്റവുമായി എക്‌സ്

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് പണം സമ്പാദിക്കാനുള്ള റെവന്യൂ ഷെയറിങ് പ്രോഗ്രാം അവസാനിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലവിലിരുന്ന സംവിധാനം സെപ്റ്റംബര്‍ ഏഴിന് അവസാനിക്കുകയും കൂടുതല്‍ കര്‍ശനമായ ഒറിജിനല്‍ കണ്ടന്റ് റിവാര്‍ഡ്‌സ് പ്രോഗ്രാം സെപ്റ്റംബര്‍ എട്ട് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. അനാവശ്യ പോസ്റ്റുകള്‍, പകര്‍ത്തിയ ഉള്ളടക്കങ്ങള്‍, ഗുണനിലവാരമില്ലാത്ത എഐ സൃഷ്ടികള്‍ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് എക്‌സ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

പഴയ റെവന്യൂ ഷെയറിങ് രീതിക്ക് കീഴില്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ വരുമാനം നേടാനാകുമായിരുന്നു. പോസ്റ്റുകളുടെ ഉടമസ്ഥാവകാശം പരിശോധിക്കാതിരുന്നതും മറ്റുള്ളവരുടെ പോസ്റ്റുകള്‍ പകര്‍ത്തിയിട്ടും പണം ലഭിച്ചിരുന്നതും പ്ലാറ്റ്ഫോമിന്റെ നിലവാരത്തെ ദോഷകരമായി ബാധിച്ചിരുന്നു. അല്‍ഗോരിതങ്ങളെ ദുരുപയോഗം ചെയ്ത് അനാവശ്യ പോസ്റ്റുകള്‍ വഴിയും എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ വഴിയും വരുമാനം കൊയ്യുന്ന പ്രവണത വര്‍ധിച്ചതോടെയാണ് മസ്‌ക് പുതിയ രീതി അവതരിപ്പിക്കുന്നത്.

ഇനിമുതല്‍ ഉപയോക്താവിന്റെ സ്വന്തം ഉള്ളടക്കങ്ങള്‍ക്ക് ലഭിക്കുന്ന ക്വാളിഫൈഡ് ഇംപ്രഷനുകള്‍ക്ക് മാത്രമേ പ്രതിഫലം നല്‍കുകയുള്ളൂ. പുതിയ നിബന്ധനകള്‍ വരുന്നതോടെ എക്‌സില്‍ നിന്ന് വരുമാനം ലഭിക്കുന്ന ക്രിയേറ്റര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകും. നിലവില്‍ 60 മുതല്‍ 70 ശതമാനം വരെ പ്രീമിയം ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ പുതിയ രീതിയില്‍ അത് 10 ശതമാനമായി ചുരുങ്ങുമെന്നാണ് ടെക് അനലിസ്റ്റായ യോഗേഷ് ബ്രാര്‍ വിലയിരുത്തുന്നത്.

ഇംപ്രഷനുകളുടെ പരിധി 50 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി കുറച്ചിട്ടുണ്ടെങ്കിലും, ഈ ഇംപ്രഷനുകള്‍ എക്‌സിലെ വെരിഫൈഡ് അഥവാ പെയ്ഡ് വരിക്കാരില്‍ നിന്ന് തന്നെ ലഭിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ പോസ്റ്റുകള്‍ക്ക് താഴെയുള്ള മറുപടികളില്‍ നിന്നുള്ള ഇംപ്രഷനുകള്‍ വരുമാനത്തിനായി പരിഗണിക്കുകയുമില്ല. മുമ്പ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിന്റെ ഭാഗമായിരുന്ന ക്രിയേറ്റര്‍മാര്‍ പുതിയ സംവിധാനത്തിലേക്ക് കടക്കാന്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിലേക്ക് ഓട്ടോമാറ്റിക് എന്‍ട്രി ഉണ്ടായിരിക്കില്ല.

പഴയ പ്രോഗ്രാമിന്റെ ഭാഗമായുള്ള ക്രിയേറ്റര്‍മാര്‍ക്കുള്ള അവസാന പേയ്മെന്റുകള്‍ ഓഗസ്റ്റ് 14, ഓഗസ്റ്റ് 28, സെപ്റ്റംബര്‍ 11 എന്നി തിയതികളിലായി വിതരണം ചെയ്തു തീര്‍ക്കും. റീച്ച് മാത്രം ലക്ഷ്യമിട്ട് ഗുണനിലവാരമില്ലാത്ത ഉള്ളടക്കങ്ങള്‍ ഇടുന്ന രീതി ഉപേക്ഷിച്ച് സ്വന്തമായി ബ്രാന്‍ഡ് വാല്യൂ ഉണ്ടാക്കിയെടുക്കാന്‍ ഈ പരിഷ്‌കാരം ക്രിയേറ്റര്‍മാരെ പ്രേരിപ്പിക്കും.

അതേസമയം പുതിയ സംവിധാനം വന്നാലും അല്‍ഗോരിതങ്ങളില്‍ കൃത്രിമം കാണിച്ച് സിസ്റ്റത്തെ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം ക്രിയേറ്റര്‍മാര്‍ ആശങ്കപ്പെടുന്നു. ഒറിജിനല്‍ കണ്ടന്റുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ യഥാര്‍ത്ഥ ക്രിയേറ്റര്‍മാരുടെ പ്രത്യേക പട്ടിക എക്‌സ് നേരിട്ട് തയ്യാറാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.