മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറില്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ആപ്പിള്‍ അക്കൗണ്ട് ഉപയോഗിച്ചും ലോഗിന്‍ ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരീക്ഷണം നടത്തുന്ന എഡ്ജിന്റെ കാനറി പതിപ്പിലാണ് ഈ ലോഗിന്‍ ഓപ്ഷന്‍ നിലവില്‍ കണ്ടെത്തിയിട്ടുള്ളത്. വരാനിരിക്കുന്ന പ്രധാന മാറ്റങ്ങളുടെ സൂചനകള്‍ നല്‍കുന്ന പതിപ്പായതിനാല്‍ ഉടന്‍ തന്നെ ഈ സൗകര്യം നടപ്പാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്രൗസര്‍ ഫീച്ചറുകളും സാങ്കേതിക രംഗത്തെ വിവരങ്ങളും പുറത്തുവിടുന്ന ലിയോ വലേറ (@Leopeva64 എന്ന എക്‌സ് ഉപയോക്താവാണ് ഈ വിവരം പുറത്തുവിട്ടത്. മുന്‍പ് ഗൂഗിള്‍ അക്കൗണ്ട് വഴി എഡ്ജില്‍ ലോഗിന്‍ ചെയ്യാനുള്ള സൗകര്യം അവതരിപ്പിക്കുന്നതിന് മുന്നോടിയായും കാനറി പതിപ്പില്‍ സമാന രീതിയില്‍ പരീക്ഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആപ്പിള്‍ ഐഡി വഴിയുള്ള ലോഗിനും ഉള്‍പ്പെടുത്താന്‍ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നത്.
ഈ ഫീച്ചര്‍ പൂര്‍ണമായി നടപ്പിലാകുന്നതോടെ ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് ഉപയോക്താക്കള്‍ക്ക് അത് വലിയ രീതിയില്‍ പ്രയോജനപ്പെടും. വിന്‍ഡോസ് കമ്പ്യൂട്ടറുകളിലെയും മാക്ക്, ഐഒഎസ് ഉപകരണങ്ങളിലെയും ബ്രൗസിങ് ഡാറ്റ എളുപ്പത്തില്‍ സിങ്ക് ചെയ്യാനും ഇതുവഴി സാധിക്കും. എന്നാല്‍ ഈ സൗകര്യം എന്ന് മുതലാണ് എല്ലാ ഉപയോക്താക്കള്‍ക്കുമായി ഔദ്യോഗികമായി ലഭ്യമാക്കുകയെന്ന കാര്യത്തില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.