സാന്‍ ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ ആന്ത്രോപിക് നടത്തിയ സൈബര്‍ സുരക്ഷാ പരീക്ഷണങ്ങള്‍ക്കിടെ ഗുരുതര സുരക്ഷാവീഴ്ച. നിയന്ത്രിത അന്തരീക്ഷത്തില്‍ നടത്തേണ്ടിയിരുന്ന പരീക്ഷണങ്ങള്‍ക്കിടെ ക്ലോഡ് എഐ മോഡലുകള്‍ ഓപ്പണ്‍ ഇന്റര്‍നെറ്റിലേക്ക് കടന്നുകയറുകയും യഥാര്‍ഥ കമ്പനികളുടെ ഡാറ്റാബേസുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തതായി കമ്പനി വെളിപ്പെടുത്തി.
സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള എഐ ശേഷി വിലയിരുത്തുന്ന ക്യാപ്ചര്‍ ദി ഫ്‌ലാഗ് പരീക്ഷണങ്ങള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്. ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത സുരക്ഷിതമായ സിമുലേറ്റഡ് നെറ്റ്‌വര്‍ക്കുകളില്‍ നടത്തേണ്ടിയിരുന്ന പരിശോധനയ്ക്കിടെ സംഭവിച്ച സാങ്കേതിക പിഴവ് മൂലം എഐ മോഡലുകള്‍ക്ക് ഓപ്പണ്‍ ഇന്റര്‍നെറ്റുമായി ബന്ധം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച ഈ പരീക്ഷണങ്ങളില്‍ ക്ലോഡ് ഓപ്പസ് 4.7, ക്ലോഡ് മിഥോസ് 5, കൂടാതെ ആന്ത്രോപിക്കിന്റെ ഒരു ഇന്റേണല്‍ റിസര്‍ച്ച് ടെസ്റ്റ് മോഡല്‍ എന്നിവയാണ് ഉള്‍പ്പെട്ടിരുന്നത്. ഒരു വ്യാജ കമ്പനിയുടെ പേര് നല്‍കി സിസ്റ്റം ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍, അതേ പേരിലുള്ള യഥാര്‍ഥ കമ്പനിയുടെ ഡാറ്റാബേസിലേക്ക് ക്ലോഡ് ഓപ്പസ് 4.7 പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ബലഹീനമായ പാസ്‌വേഡുകളും മതിയായ സുരക്ഷയില്ലാത്ത എന്‍ഡ്പോയിന്റുകളും മുതലെടുത്താണ് എഐ മോഡല്‍ സിസ്റ്റത്തിനുള്ളിലേക്ക് പ്രവേശിച്ചത്. ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതും പരീക്ഷണത്തിന്റെ ഭാഗമാണെന്നാണ് എഐ മോഡല്‍ കരുതിയത്.
ഈ സുരക്ഷാവീഴ്ച തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ജൂലൈ 23 ന് ആന്ത്രോപിക് തങ്ങളുടെ എല്ലാ സൈബര്‍ സുരക്ഷാ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന് ജൂലൈ 27-ന് സംഭവം ബാധിച്ച മൂന്ന് കമ്പനികളെയും ഔദ്യോഗികമായി വിവരമറിയിക്കുകയും ചെയ്തു.
അടുത്തിടെ ഓപ്പണ്‍എഐയുടെ ഒരു എഐ ഏജന്റ് ഹഗിങ് ഫേസ് എന്ന പ്ലാറ്റ്ഫോമിന്റെ സിസ്റ്റത്തില്‍ സമാനമായ രീതിയില്‍ കടന്നുകയറിയതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എഐ മോഡലുകളുടെ ശേഷി വര്‍ധിക്കുന്നതിനനുസരിച്ച് അവയുണ്ടാക്കുന്ന സൈബര്‍ ഭീഷണികളും സങ്കീര്‍ണമാകുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ എഐ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് അമേരിക്കന്‍ ഭരണകൂടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.