'എട്ട് മണിക്കൂര്‍ ജോലിക്ക് വേണ്ടി തെരുവിലിറങ്ങിയ ചരിത്രം'; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

'എട്ട് മണിക്കൂര്‍ ജോലിക്ക് വേണ്ടി തെരുവിലിറങ്ങിയ ചരിത്രം'; ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം

ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടങ്ങളെയും അവകാശങ്ങളെയും ഓര്‍മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം കൂടി. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ പുതുക്കുന്ന ദിനംകൂടിയാണിത്. സുരക്ഷിതമായ തൊഴിലിടം, മാന്യമായ വേതനം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ സ്മരണയിലാണ് ഈ വര്‍ഷവും അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും തൊഴില്‍ സുരക്ഷയും മാറുന്ന കാലാവസ്ഥയില്‍ തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുക എന്നതാണ് 2026 ലെ തൊഴിലാളി ദിന പ്രമേയം. ആഗോള താപനവും ഉഷ്ണ തരംഗവും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക മാറ്റങ്ങള്‍ തൊഴിലാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി കര്‍ശനമായ തൊഴില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരുകളും കോര്‍പറേറ്റ് സ്ഥാപനങ്ങളും തയാറാകണമെന്ന് ഈ ദിനം ഓര്‍മപ്പെടുത്തുന്നു. ഇന്ത്യയില്‍ അന്താരാഷ്ട്ര ശ്രമിക് ദിവസ് എന്നാണ് ഈ ദിനം അറിയപ്പെടുന്നത്.

ചിക്കാഗോയിലെ പോരാട്ടം

1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേമാര്‍ക്കറ്റ് പോരാട്ടമാണ് മെയ് ദിനത്തിന്റെ രൂപീകരണത്തിന് കാരണം. ജോലിയുടെ സമയപരിധി എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം ബോംബ് സ്‌ഫോടനത്തിലും പൊലീസ് നടപടിയിലും കലാശിച്ചിരുന്നു. തുടര്‍ച്ചയായ കഠിനാധ്വാനത്തില്‍ നിന്ന് മാറ്റം വേണമെന്നതായിരുന്നു പ്രധാന ആവശ്യം. തുടര്‍ന്ന് 1889 ലാണ് മെയ് ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കാന്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും അന്താരാഷ്ട്ര ഫെഡറേഷന്‍ തീരുമാനിച്ചത്.

എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന ആശയമാണ് ഇതിലൂടെ മുന്‍പോട്ട് വെച്ചത്. ഇതിന് മുന്‍പ് 1856 ഏപ്രില്‍ 21 ന് ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കും ഷിക്കാഗോ സമരത്തിന് ഊര്‍ജം പകര്‍ന്നിരുന്നു.

ആധുനിക ലോകത്ത് പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെയാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ഉയര്‍ത്തിക്കാട്ടുന്നത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അതിവേഗ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് ഇത് ചര്‍ച്ച ചെയ്യുന്നു. ആഗോളതലത്തില്‍ എല്ലാ ജീവനക്കാര്‍ക്കും തുല്യതയും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ മെയ് ദിനാചരണം പ്രോത്സാഹനം നല്‍കുന്നു.

ഇന്ത്യയില്‍ ആദ്യത്തെ തൊഴിലാളി ദിനാചരണം നടന്നത് 1923 ല്‍ ചെന്നൈയിലായിരുന്നു. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്റെ നേതൃത്വത്തിലായിരുന്നു ഇത്. നേതാവായ മലയപുരം സിംഗാരവേലു ചെട്ടിയാര്‍ ആദ്യമായി ചുവന്ന പതാക ഉയര്‍ത്തുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനായി മെയ് ഒന്ന് ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മെയ് ഒന്ന് പൊതു അവധിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.