ബ്രസീൽ: മഞ്ഞ ജേഴ്സി അഥവാ ‘കാനറിപ്പട’യുടെ കുപ്പായം ബ്രസീലിന്റെ അടയാളമാണെങ്കിൽ അവർക്ക് ലഭിച്ച നീല ജേഴ്സിക്ക് പിന്നിൽ വിശ്വാസത്തിന്റെയും വിജയത്തിന്റെയും അതിശയിപ്പിക്കുന്ന ഒരു ചരിത്രമുണ്ട്. ബ്രസീലിന്റെ ഔവർ ലേഡി ഓഫ് അപ്പരസിദ മാതാവുമായുള്ള ആ ബന്ധം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഏടുകളിൽ ഒന്നാണ്.
1958 ലെ ലോകകപ്പ് ഫൈനൽ. സ്വീഡനെതിരെ കളിക്കാൻ ഇറങ്ങിയ ബ്രസീലിന് സ്വന്തം മഞ്ഞ ജേഴ്സി ധരിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. നിയമ പ്രകാരം ആതിഥേയരായ സ്വീഡന് മുൻഗണന ലഭിച്ചതോടെ ബ്രസീലിന് ജേഴ്സി മാറേണ്ടി വന്നു. 1950 ലെ ലോകകപ്പ് ഫൈനലിൽ വെള്ള ജേഴ്സി ധരിച്ചപ്പോൾ ബ്രസീൽ ഉറുഗ്വേയോട് തോൽവി ഏറ്റുവാങ്ങിയത് വലിയൊരു ഭയമായി അവരുടെ മനസിലുണ്ടായിരുന്നു. വെള്ള ജേഴ്സി വീണ്ടും ധരിക്കാൻ താരങ്ങൾ വിസമ്മതിച്ചു.
പ്രതിസന്ധി രൂക്ഷമായപ്പോൾ ബ്രസീലിയൻ പ്രതിനിധി സംഘത്തിന്റെ തലവൻ പൗലോ മച്ചാഡോ ഡി കാർവാലോ പ്രാർത്ഥനയിൽ മുഴുകി. പ്രാർത്ഥനയ്ക്ക് ശേഷം കണ്ണുകൾ ഉയർത്തിയ അദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത് അപ്പരസിദ മാതാവിന്റെ ചിത്രമായിരുന്നു. മാതാവിന്റെ നീല അങ്കിയാണ് പുതിയ ജേഴ്സിയുടെ നിറമായിരിക്കേണ്ടതെന്ന് തിരിച്ചറിഞ്ഞു.
ആ നിമിഷം തന്നെ സ്റ്റോക്ക്ഹോമിലെ തെരുവുകളിൽ നിന്ന് നീല നിറത്തിലുള്ള ടി-ഷർട്ടുകൾ സംഘം വാങ്ങി. സമയമില്ലാത്തതുകൊണ്ട് പഴയ മഞ്ഞ ജേഴ്സിയിൽ നിന്ന് ചിഹ്നങ്ങൾ അടർത്തിമാറ്റി ഈ നീല ഷർട്ടുകളിൽ തുന്നിപ്പിടിപ്പിക്കുകയായിരുന്നു. അന്ന് നീല ജേഴ്സിയണിഞ്ഞ് മൈതാനത്തിറങ്ങിയ ബ്രസീൽ, സ്വീഡനെ 5-2 എന്ന സ്കോറിന് തകർത്ത് കന്നി ലോകകപ്പ് കിരീടം സ്വന്തമാക്കി.
ആ വിജയത്തിന് ശേഷം നീല ജേഴ്സി ബ്രസീലിയൻ താരങ്ങൾക്ക് വെറുമൊരു വസ്ത്രമായിരുന്നില്ല മറിച്ച് സംരക്ഷണത്തിന്റെയും വിജയത്തിന്റെയും ‘വിശുദ്ധ അങ്കി’യായി മാറി. ഇന്നും ബ്രസീലിയൻ കായിക സംസ്കാരത്തിൽ മായാതെ നിൽക്കുന്ന ഫുട്ബോളും വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ ജേഴ്സി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.