മാലാഖമാർക്ക് വിലപേശുന്ന ലോകവും മാറേണ്ട പൊതുബോധവും

മാലാഖമാർക്ക് വിലപേശുന്ന ലോകവും മാറേണ്ട പൊതുബോധവും

ക്രിമിയൻ യുദ്ധഭൂമിയിൽ ഫ്ലോറൻസ് നൈറ്റിങ്ഗേൾ കൊളുത്തിവെച്ച ആതുരസേവനത്തിന്റെ ദീപശിഖ ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നഴ്സുമാരുടെ കൈകളിൽ സുരക്ഷിതമാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ് എന്ന തിരിച്ചറിവിൽ ബ്രിട്ടീഷ് ഭരണകാലത്ത് രൂപകൽപന ചെയ്ത ഇടുങ്ങിയതും അപ്രായോഗികവുമായ പരമ്പരാഗത യൂണിഫോമുകൾ ഉപേക്ഷിച്ച് ഇന്ത്യയിലെ ഭൂരിഭാഗം ആശുപത്രികളും ഇന്ന് നഴ്സുമാരുടെ കംഫർട്ടിന് മുൻഗണന നൽകുന്ന സ്ക്രബ്സുകളിലേക്കും ചുരിദാറുകളിലേക്കും മാറിയിരിക്കുന്നു.

കാലാവസ്ഥയ്ക്കും ജോലി ഭാരത്തിനും അനുയോജ്യമായ വസ്ത്രധാരണ സ്വാതന്ത്ര്യം നഴ്സിങ് സമൂഹത്തിന് നൽകേണ്ടത് അവരുടെ അവകാശമാണ്. എന്നാൽ വസ്ത്രധാരണത്തിലെ ഈ പരിഷ്കരണങ്ങളെക്കാൾ വേഗത്തിൽ മാറേണ്ടത് ഈ തൊഴിലിനെ നോക്കിക്കാണുന്ന പൊതുസമൂഹത്തിന്റെ മനോഭാവമാണ്.

പാശ്ചാത്യ പോപ്പ് സംസ്കാരത്തെയും സിനിമകളെയും മുൻനിർത്തി നഴ്സിങ് എന്നത് ലോകത്തിലെ ഏറ്റവും 'ലൈംഗികവൽക്കരിക്കപ്പെട്ട' ഒരു പ്രൊഫഷൻ ആണെന്ന് ഒരു പാർലമെന്റ് അംഗം കൂടിയായ കങ്കണ റണാവത്ത് പരസ്യമായി പ്രസ്താവിച്ചത് അങ്ങേയറ്റം ഉത്തരവാദിത്തമില്ലാത്തതും പ്രതിഷേധാഹർഭവുമാണ്.

ജനങ്ങളെ നയിക്കേണ്ട സമൂഹത്തിന് മാതൃകയാകേണ്ട ഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഒരു പരാമർശമാണിത്. സിനിമകളോ ഹാലോവീൻ ആഘോഷങ്ങളോ തങ്ങളുടെ സ്വാർത്ഥമായ വിനോദങ്ങൾക്കായി ഈ പവിത്രമായ തൊഴിലിനെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കിൽ അതിനെ തിരുത്താൻ നിയമനിർമാണം നടത്തേണ്ട ഒരു വ്യക്തി തന്നെ അത്തരം വികലമായ ചിന്താഗതികൾക്ക് പൊതുവേദിയിൽ അടിവരയിട്ടു കൊടുക്കുന്നത് കടുത്ത അനീതിയാണ്.

ഒരു രോഗിയുടെ ജീവൻ നിലനിർത്താൻ സ്വന്തം ആരോഗ്യം പണയപ്പെടുത്തി അർപ്പണബോധത്തോടെ പണിയെടുക്കുന്ന ഒരു നഴ്സിന്റെ സേവനത്തെ ഇത്തരത്തിൽ തരംതാഴ്ത്തി സംസാരിക്കുന്ന ജനപ്രതിനിധികളുടെ മനോഭാവമാണ് ആദ്യം മാറേണ്ടത്. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ആതുരസേവകരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ നിന്ന് വേരോടെ പിഴുതെറിയപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വന്തം സിനിമകളിൽ ഗ്ലാമർ പ്രദർശനവും ലൈംഗികതയും ഒരു കച്ചവടക്കണ്ണോടെ ഉപയോഗിക്കുന്ന സിനിമാ മേഖലയിലുള്ളവർ ഒരു പവിത്രമായ സേവനവേല ചെയ്യുന്ന നഴ്സുമാരെ നോക്കി "നിങ്ങളാണ് ഏറ്റവും ലൈംഗികവൽക്കരിക്കപ്പെട്ടവർ" എന്ന് വിരൽ ചൂണ്ടുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. സിനിമകളിലും സോഷ്യൽ മീഡിയ റീലുകളിലും റേറ്റിങ്ങിനും കാഴ്ചക്കാരുടെ എണ്ണത്തിനും വേണ്ടി നഴ്സുമാരുടെ വേഷവിധാനങ്ങളെയും പെരുമാറ്റത്തെയും തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നത് സിനിമാക്കാരാണ്.

തങ്ങൾ തന്നെ ഉണ്ടാക്കിയ ആ വികലമായ ഇമേജ് ചൂണ്ടിക്കാട്ടി നഴ്സിങ് പ്രൊഫഷനെ മൊത്തമായി അധിക്ഷേപിക്കുന്നത് കടുത്ത ഇരട്ടത്താപ്പാണ്. സിനിമാക്കാരുടെ വികൃതമായ ക്യാമറക്കണ്ണുകളിലൂടെയല്ലാതെ നഴ്സിങ്ങിനെ ഒരു മെഡിക്കൽ പ്രൊഫഷനായി കാണാൻ കങ്കണയെപ്പോലെയുള്ളവർക്ക് സാധിക്കണം. മറ്റുള്ളവരുടെ പ്രൊഫഷന്റെ മാന്യത അളക്കാൻ ഇറങ്ങുന്നതിന് മുൻപ് നഴ്സുമാർക്ക് നേരെ വിരൽ ചൂണ്ടുന്നവർ സ്വന്തം മുഖമൊന്ന് കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും!

കോവിഡ് മഹാമാരിയുടെ കറുത്ത നാളുകളിൽ സ്വന്തം ജീവനും കുടുംബവും മറന്ന് പിപിഎ കിറ്റുകൾക്കുള്ളിൽ ശ്വാസം മുട്ടി അവർ ചെയ്ത ത്യാഗത്തെ 'മാലാഖമാർ' എന്ന് വിളിച്ച് ആകാശത്തോളം പുകഴ്ത്തിയ അതേ ഇന്ത്യയിലാണ് ഇന്നും നഴ്സിങ് സമൂഹം ക്രൂരമായ അവഗണന നേരിടുന്നത്.

കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ ശമ്പള പരിഷ്കരണങ്ങളിൽ മാതൃക കാട്ടുമ്പോഴും, ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ, നഴ്സുമാർക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലമാണ്. കഠിനമായ ജോലിഭാരവും കുറഞ്ഞ ശമ്പളവും കാരണം നമ്മുടെ രാജ്യത്തെ ഏറ്റവും മിടുക്കരായ നഴ്സുമാർ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു.

മാലാഖമാരെന്ന് വെറുതെ വിളിച്ചതുകൊണ്ട് മാത്രം വിശപ്പടങ്ങില്ലെന്നും അവർക്ക് അർഹമായ വേതനവും അന്തസും നൽകണമെന്നും ഭരണകൂടങ്ങളും മാനേജ്മെന്റുകളും മനസിലാക്കണം.

നഴ്സിങ് എന്നത് കേവലമൊരു ജോലിയല്ല മറിച്ച് അറിവും കഠിനാധ്വാനവും കാരുണ്യവും ചേർന്ന ശാസ്ത്രീയമായ ഒരു പ്രൊഫഷനാണ്. രോഗിയുടെ പൾസ് അറിയുന്ന, ഡോക്ടറുടെ നിർദ്ദേശങ്ങൾക്കപ്പുറം രോഗിക്ക് ജീവശ്വാസമാകുന്ന ഒരു നഴ്സിന് മുന്നിൽ ഓരോ മനുഷ്യനും കടപ്പെട്ടിരിക്കുന്നു.

അവരെ വെറുമൊരു കളിപ്പാവയായോ വിനോദോപാധിയായോ കാണുന്ന വികലമായ ചിന്താഗതികൾക്ക് ഇനി നമ്മുടെ സമൂഹത്തിൽ സ്ഥാനമുണ്ടാകരുത്. നഴ്സുമാരോടുള്ള ആദരവ് കേവലം വാക്കുകളിൽ ഒതുക്കാതെ, അവർക്ക് മികച്ച തൊഴിൽ സാഹചര്യവും അർഹമായ ശമ്പളവും സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം. വരുംതലമുറയ്ക്കെങ്കിലും നഴ്സിങ് പ്രൊഫഷന്റെ മഹത്വം മനസിലാക്കിക്കൊടുക്കാൻ നമുക്ക് സാധിക്കണം; അതിനായി മനുഷ്യന്റെ മനോഭാവത്തിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.