ദ്രാവിഡ കോട്ടകള്‍ തകര്‍ത്ത് വിജയ് യുഗം; തമിഴകത്ത് ഇനി 'ദളപതി' ഭരണം; സത്യപ്രതിജ്ഞ നാളെ

ദ്രാവിഡ കോട്ടകള്‍ തകര്‍ത്ത് വിജയ് യുഗം; തമിഴകത്ത് ഇനി 'ദളപതി' ഭരണം; സത്യപ്രതിജ്ഞ നാളെ

ചെന്നൈ: ദശാബ്ദങ്ങള്‍ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് ജോസഫ് നാളെ അധികാരമേല്‍ക്കും.

സര്‍ക്കാര്‍ രൂപീകരണത്തിനായി വിജയ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സന്ദര്‍ശിച്ച് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക കൈമാറി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഇന്ന് ഉച്ചയോടെ ചെന്നൈയില്‍ എത്തിയതിന് പിന്നാലെയാണ് വിജയ് അദേഹത്തെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്.

നാളെ രാവിലെ 11:30 ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വിജയ്ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. തമിഴ്‌നാട് മന്ത്രിസഭയില്‍ പരമാവധി 34 മന്ത്രിമാരാണുള്ളത്. കോണ്‍ഗ്രസിന് രണ്ട് മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കണ്ടതുപോലെ ഓട്ടോ തൊഴിലാളികള്‍, ദളിത് വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മന്ത്രിസഭയിലും അര്‍ഹമായ പരിഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.


234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകം കോണ്‍ഗ്രസിന്റെയും മറ്റ് ചെറു കക്ഷികളുടെയും പിന്തുണയോടെയാണ് സര്‍ക്കാരുണ്ടാക്കുന്നത്.

കെ. കാമരാജിന്റെ ഭരണ കാലത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയില്‍ നിന്നല്ലാതെ ഒരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍, ജയലളിത, സ്റ്റാലിന്‍ തുടങ്ങിയ ദ്രാവിഡ നേതാക്കളുടെ ഭരണത്തുടര്‍ച്ചയ്ക്കാണ് ഇതോടെ മാറ്റം വരുന്നത്. തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് നാളെ ചെന്നൈ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കൊളത്തൂരില്‍ പരാജയപ്പെട്ട എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. ഡിഎംകെയില്‍ ഇപ്പോള്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാണ്. അതേസമയം, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എഐഎഡിഎംകെ ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്ന് എടപ്പാടി പളനിസാമി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.