അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; എഐസിസി വാര്‍ത്താ സമ്മേളനം 12 ന്; മുഖ്യമന്ത്രി പ്രഖ്യാപനം ഡല്‍ഹിയില്‍

അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്; എഐസിസി വാര്‍ത്താ സമ്മേളനം 12 ന്;  മുഖ്യമന്ത്രി പ്രഖ്യാപനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്താനുള്ള തീരുമാനത്തില്‍ അവസാന നിമിഷം വീണ്ടും ട്വിസ്റ്റ്. ഉച്ചയ്ക്ക് 12 ന് എഐസിസി വാര്‍ത്താ സമ്മേളനം ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പ്രഖ്യാപനം വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാകുമെന്ന സൂചനയാണ് ഒടുവില്‍ ലഭിക്കുന്നത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജയറാം രമേശും കെ.സി വേണുഗോപാലും ചേര്‍ന്ന് പേര് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.

അതിനിടെ, ദീപാദാസ് മുന്‍ഷി, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക്, സൂര്യകാന്ത് എന്നീ കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരത്തെത്തും. ഈ വിമാനത്തില്‍ കെ.സി വേണുഗോപാല്‍ ഇല്ല. അവസാനഘട്ട കൂടിക്കാഴ്ചക്ക് കെ.സി വേണുഗോപാലിനെ ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.

മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്നലെ ധാരണയിലെത്തിയിരുന്നു. ചര്‍ച്ചകളെല്ലാം അവസാനിച്ചുവെന്നും ഇരുവരും ചേര്‍ന്ന് കൈക്കൊണ്ട തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇന്നലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ക്കായി ഡല്‍ഹിയില്‍ നിന്ന് ഇന്ന് രാവിലെ 10.30 ന്റെ വിമാനത്തില്‍ തിരുവനന്തപുരത്തെത്താനായിരുന്നു തീരുമാനം. എന്നാല്‍, ഏറ്റവും ഒടുവില്‍ ഇതില്‍ സമയ മാറ്റം വരുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.