തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ നിശ്ചയിച്ചതില്‍ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഒരു വിഭാഗത്തിന് അതൃപ്തി. സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിപക്ഷ നേതാവായി നിര്‍ദേശിച്ചതിന് പിന്നാലെ ചേര്‍ന്ന ഓണ്‍ലൈന്‍ പിബി യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ പിണറായി വരുന്നതിനോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
ഇളവ് നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുന്ന പിണറായിയെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുന്നത് സംഘടന പരമായി ഉചിതമാകില്ലെന്ന അഭിപ്രായമാണ് ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയത്. കേരളത്തിലെ കനത്ത തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന് ചില പിബി അംഗങ്ങള്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് പിണറായിയുടെ പേരാണ് നിര്‍ദേശിച്ചത്. സംസ്ഥാന സമിതിയിലും പൊതുവികാരം പിണറായിക്കൊപ്പമായിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യം നിശ്ചയിക്കാന്‍ ഓണ്‍ലൈനായി പിബി യോഗം സംസ്ഥാന കമ്മിറ്റിക്കിടെ ചേര്‍ന്നു. യോഗത്തില്‍ അഞ്ചിലധികം അംഗങ്ങള്‍ രണ്ട് കാരണങ്ങള്‍ ചൂണിക്കാട്ടിയാണ് പിണറായിയെ എതിര്‍ത്തത്.
ഭരണ വിരുദ്ധ വികാരം ഉണ്ടായ സാഹചര്യത്തില്‍ വീണ്ടും പിണറായി ഈ സ്ഥാനത്തേക്ക് വരുന്നത് ഉചിതമാകില്ല എന്നും പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയെന്ന നിലക്ക് ഇളവ് നല്‍കിയാണ് പിണറായിയെ കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയതെന്നും അതിനാല്‍ വീണ്ടും ഒരു അധികാര സ്ഥാനത്തേക്ക് പിണറായി വരുന്നത് ശരിയല്ലെന്നുമായിരുന്നു അശോക് ധാവ്‌ലെ, വിജു കൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ എടുത്ത നിലപാട്.
എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു തീരുമാനമെടുക്കുമ്പോള്‍ അതിനെ തള്ളിക്കളയേണ്ടതുണ്ടോയെന്ന അഭിപ്രായം കൂടുതല്‍ അംഗങ്ങള്‍ പ്രകടിപ്പിച്ചു. തല്‍ക്കാലം സംസ്ഥാന നേതൃത്വത്തെ തള്ളേണ്ടെന്ന നിലക്കാണ് പിണറായി ഈ സ്ഥാനത്തേക്ക് വരുന്നതിനെ എതിര്‍ക്കുന്നവര്‍ അവസാനം നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും വലിയ എതിര്‍പ്പ് പിബി യോഗത്തില്‍ പിണറായി വിജയനെതിരെ ഉയരുന്നത്.
അതേസമയം ജില്ലാക ഘടകങ്ങളിലും പിണറായിക്കെതിരെ രക്ഷ വിമര്‍ശനമാണുയരുന്നത്. പിണറായിയുടെ ശൈലി തോല്‍വിക്ക് കാരണമായെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നു. പിണറായിയുടെ പ്രായപരിധിയിലും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. പി കെ ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന്റെ പിഴവെന്നും വിമര്‍ശനം ഉന്നയിച്ചു.
പിണറായി വിജയന്‍ ഏകാധിപതിയെ പോലെയാണന്ന് പാലക്കാട്ടെ യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. പിണറായിയുടെ ശൈലി തോല്‍വിക്ക് കാരണമായെന്നും ഇങ്ങനെ പോയാല്‍ കേരളം ബംഗാള്‍ ആകുമെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. ആഗോള അയ്യപ്പ സംഗമം അബദ്ധമായെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പൊതുവികാരം. സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിനെതിരെ എന്ത് നടപടിയെടുത്തെന്നും അംഗങ്ങള്‍ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.